കേന്ദ്ര അവഗണന: ഇടതു മുന്നണിയുടെ ഡൽഹി സമരം ഫെബ്രുവരി എട്ടിന് ജന്തർ മന്ദറില്‍

കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകും

Update: 2024-01-16 07:25 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവഗണനയ്‍ക്കെതിരായ ഇടതു മുന്നണിയുടെ ഡൽഹി സമരം ഫെബ്രുവരി എട്ടിന് നടക്കും. ജന്തർ മന്ദറാണു സമരത്തിനു വേദിയാകുക. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും സമരത്തിന്‍റെ ഭാഗമാകും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സി.പി.എം സമ്മേളനങ്ങൾ ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട വിമർശനങ്ങളിൽ ഒന്നായിരുന്നു കേന്ദ്രത്തിനെതിരെ വാക്കാലുള്ള പ്രതിഷേധത്തിനപ്പുറം എന്തുകൊണ്ട് പ്രത്യക്ഷ സമരം നടത്തുന്നില്ല എന്നത്. അതിനുള്ള ഉത്തരമാണ് ഇന്നത്തെ ഇടത് മുന്നണി യോഗം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്.

വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എല്‍.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.

കേന്ദ്രത്തിന്‍റേത് പ്രതികാര സമീപനമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അർഹതപ്പെട്ട പണം പോലും നൽകുന്നില്ല. വികസന മുരടിപ്പ് സൃഷ്ടിക്കുകയാണ് കേന്ദ്രം. ഇതിനെതിരായ സമരത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സമരത്തിൽ പങ്കെടുക്കുന്ന കാര്യം യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.

Summary: LDF's Delhi strike against central government neglect to Kerala will be held on February 8

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News