കത്ത് വിവാദം: അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ
'കത്ത് വിവാദം ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ല'
തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദം ജില്ല കമ്മിറ്റി യോഗത്തിൽ ചർച്ചയായില്ലെന്നും ആനാവൂർ പറഞ്ഞു.
അതേസമയം കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷണം ഊർജിതമാക്കി. കത്ത് വ്യാജമായി തയ്യാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാന്‍റിങ് കൗൺസിൽ ചെയർമാൻ ഡി ആർ അനിലിന്റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുശേഷം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മേയറുടെ ഓഫീസിന്റെ ജീവനക്കാരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. എന്നാല്‍ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.