ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല -മുസ്‍ലിം ലീഗ്
മുസ്‍ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ. മുരളീധരൻ
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് മുസ്‍ലിം ലീഗ്. അധിക സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തിൽ തീരുമാനം ഉണ്ടാക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. മലപ്പുറത്ത് ചേർന്ന മുസ്‍ലിം ലീഗ് ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, ജനറൽ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവരും പാണക്കാട് ചേർന്ന യോഗത്തിൽ സംബന്ധിച്ചു. നേരത്തെ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാമെന്നുമായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. ഫെബ്രുവരി 24ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തിലാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമാവുക.
അതേസമയം, മണ്ഡലം മാറുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി മീഡിയവണിനോട് പറഞ്ഞു. മണ്ഡലം മാറാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. നിലവിൽ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട ചർച്ചയാണ് നടക്കുന്നത്. അതിനുശേഷം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. മൂന്നാം സീറ്റ് വേണം എന്നതിൽ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം കോൺഗ്രസിനോട് ഗൗരവമായി പറഞ്ഞിട്ടുണ്ടന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് അഞ്ചോ ആറോ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കെ.പി.സി.സിയുടെ സമരാഗ്നി യാത്ര തീരും മുമ്പ് മൂന്നാം സീറ്റിൽ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾ നടക്കുകയാണ്. മുസ്‍ലിം ലീഗ് ഒഴിച്ചുള്ള എല്ലാ ഘടകകക്ഷികളുമായിട്ടും ചർച്ച പൂർത്തിയാക്കി. മുസ്‍ലിം ലീഗുമായി വരും ദിവസങ്ങളിൽ ചർച്ച പൂർത്തിയാകും. തുടർന്ന് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.