പ്രമുഖരെ കളത്തിലിറക്കാൻ സി.പി.എം; സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്
കൊല്ലത്ത് മുകേഷിനെയും പത്തനംതിട്ടയിൽ തോമസ് ഐസകിനെയും നിർദേശിച്ച് ജില്ലാ നേതൃത്വം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ സ്ഥാനാർഥി ചിത്രം തെളിയുന്നു. ഒരു പൊളിറ്റ്ബ്യൂറോ അംഗവും നാല് കേന്ദ്രകമ്മിറ്റി അംഗങ്ങളും ഒരു മന്ത്രിയും മൂന്ന് എം.എൽ.എമാരും മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർഥി പട്ടികയാണ് സി.പി.എം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി സീറ്റുകളിൽ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ തവണത്തേതുപോലെ കനത്തൊരു തോൽവി സി.പി.എം ഇത്തവണ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാണ് സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ. സി.പി.എമ്മിന്റെ ഏക പ്രതീക്ഷ കേരളത്തിൽ നിന്നുള്ള ലോക്സഭാ സീറ്റുകളിലാണ്. അതുകൊണ്ടുതന്നെ പാർട്ടിക്കിത് ജീവൻ മരണ പോരാട്ടമാകും.
നാല് കേന്ദ്രകമ്മിറ്റി അംഗങ്ങളെയാണ് സി.പി.എം പോരിനിറക്കാൻ ആലോചിക്കുന്നത്. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും ടി.എം. തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും.
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി.ജോയ് ആറ്റിങ്ങൽ കോട്ട തിരിച്ചുപിടിക്കാൻ ഇറങ്ങും. കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിലും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിലും മത്സരത്തിനിറങ്ങുമെന്നാണ് വിവരം. പൊന്നാനിയിൽ കെ.ടി ജലീൽ മത്സരിക്കണമെന്നാണ് സി.പി.എമ്മിന്റെ താൽപ്പര്യം.
മലപ്പുറം സീറ്റിൽ വി.പി സാനുവിനെ വീണ്ടും പാർട്ടി പരിഗണിക്കുന്നുണ്ട്. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിട്ടുള്ളത്. കൊല്ലം മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെ നേരിടാൻ എം.മുകേഷിനെയാണ് പാർട്ടി നിർദേശിക്കുന്നത്. ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർഥി. എറണാകുളത്ത് പൊതു സ്വതന്ത്രനെയാണ് പാർട്ടി ചിന്തിക്കുന്നത്. പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരത്തിന് പിന്നാലെ ഈ 27ന് സ്ഥാനാർഥികളെ സി.പി.എം പ്രഖ്യാപിക്കും.