ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ മുസ്‌ലിം വിഭാഗത്തിനുണ്ടാകുന്ന നഷ്ടം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
''മൊത്തം സംവരണ പരിധി ഉയർത്താനകാത്തതിന്റെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്, ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ല''
കല്‍പറ്റ: ഭിന്നശേഷി സംവരണം നടപ്പിലാക്കുമ്പോഴുണ്ടാകുന്ന മുസ്‌ലിം സംവരണത്തിലെ കുറവ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
'മൊത്തം സംവരണ പരിധി ഉയർത്താനകാത്തതിന്റെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുമ്പോഴുള്ള റൊട്ടേഷനിലെ പ്രശ്നം കാരണം മുസ്‌ലിം വിഭാഗത്തിന് രണ്ടു ശതമാനം സംവരണം നഷ്ടപ്പെടുമെന്ന വാർത്ത മീഡിയവണ്‍ പുറത്തുകൊണ്ടുവന്നതിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംവരണക്കുറവുണ്ടാകുന്ന സാഹചര്യം അംഗീകരിച്ച മുഖ്യമന്ത്രി അത് പരിശോധിക്കുമെന്നും പറഞ്ഞു.
അതേസമയം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ലെന്ന് മന്ത്രി ആർ. ബിന്ദുവും പ്രതികരിച്ചു.
'തിരശ്ചീന രീതിയിലാണ്(horizontal) ഭിന്നശേഷി സംവരണം നടപ്പാക്കുക. നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന സാമൂഹിക വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. ഭിന്നശേഷി വിഭാഗക്കാർക്ക് അർഹമായ സംവരണ ആനുകൂല്യമാണ് നൽകുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
മുസ്‍ലിം സമുദായത്തിന്റെ സംവരണ തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും പ്രതികരണം.
ഭിന്നശേഷം സംവരണം നടപ്പാക്കുമ്പോള്‍ മുസ് ലിം സംവരണത്തില്‍ കുറവ് വരുന്ന സാഹചര്യം മുസ്‌ലിം സമൂഹത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് സംവരണക്കുറവ് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടി.