ശബരിമലയിൽ നാളെ മകരവിളക്ക് മഹോത്സവം; തിരക്ക് വർധിച്ചു
അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ടു
പമ്പ: ശബരിമലയിൽ തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം നടക്കും. മകരവിളക്ക് പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തിൽനിന്ന് പുറപ്പെട്ടു.
മകര വിളക്കിനായി പ്രാസാദ ബിംബ ശുദ്ധിക്രിയകൾ നടന്നു. അഞ്ചുമണിക്ക് ശേഷമാണ് പ്രാസാദ ശുദ്ധിക്രിയ നടന്നത്. കഴിഞ്ഞദിവസം ശ്രീകോവിലിൽ പ്രസാദ ശുദ്ധിക്രിയക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേതൃത്വം നൽകി.
ഞയറാഴ്ച വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല.
തീർത്ഥാടകരുടെ സുരക്ഷക്കായി ശബരിമലയിൽ ഒരുക്കിയ ക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. മകരജ്യോതി ദർശന കേന്ദ്രങ്ങൾ ഡി.ജി.പി സന്ദർശിച്ചു. മകരവിളക്കിനായി 2805 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് സന്നിധാനത്ത് ഉണ്ടാവുക.
പമ്പയിലേയും നിലയ്ക്കലേയും സുരക്ഷാക്രമീകരണങ്ങളും ഡി.ജി.പി വിലയിരുത്തി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെലികോപ്റ്റർ, ഡ്രോൺ നിരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് ഡി.ജി.പി പറഞ്ഞു. 1000 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.