‘മലപ്പുറം ജില്ല വിഭജിക്കണം’; നിലപാട് ആവർത്തിച്ച് അഡ്വ. കെ.എൻ.എ ഖാദർ

‘സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിൽ സ്ഥാപിക്കണം’

Update: 2024-02-14 11:43 GMT
Advertising

കോഴിക്കോട്: മലബാർ മേഖലയോട് തികഞ്ഞ അവഗണനയാണ് സർക്കാറുകൾക്കെന്നും മലപ്പുറം ജില്ല വിഭജിക്കണമെന്നും മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ. മലപ്പുറം ജില്ല പഞ്ചായത്ത് ഹാളിൽ അബ്ദുല്ലത്തീഫ് മാറഞ്ചേരി എഴുതിയ സർവീസ് സ്റ്റോറി ‘നിള തുഴഞ്ഞ ദൂരങ്ങൾ’ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന നിലപാട് ആവർത്തിച്ചത്.

മലപ്പുറം ജില്ല വിഭജിക്കണമെന്ന് നിയമസഭയിൽ താൻ ഉന്നയിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ചപ്പോൾ നമ്മുടെ കൂട്ടത്തിലുള്ള ആളുകൾ തന്നെ അത് പ്രാദേശിക വാദമാണെന്ന് പറഞ്ഞ് എതിർക്കുകയുണ്ടായി.

ബജറ്റിൽ ഓരോ ജില്ലക്കും അനുവദിക്കുന്ന തുക ജനസംഖ്യ അനുപാതത്തിലായിരിക്കണം. എന്നാൽ മാത്രമേ എല്ലാ ജനങ്ങളിലേക്കും തുല്യമായ രീതിയിൽ ആനുകൂല്യങ്ങൾ ലഭിക്കൂ. ഇക്കാര്യം താൻ പലതവണ നിയമസഭയിൽ ഉന്നയിച്ചതാണ്.

മഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ മെഡിക്കൽ കോളജിന്റെ ബോർഡ് വെച്ച് ആശുപത്രി നടത്താൻ നമ്മുടെ തിരക്ക് കൊണ്ട് സമ്മതിക്കുകയായിരുന്നു. ഒരു പുതിയ മെഡിക്കൽ കോളേജാണ് നിർമിക്കേണ്ടത്. എല്ലാ ജില്ലയിലും അങ്ങനെയാണ് ചെയ്തത്. ജനറൽ ആശുപത്രിയും മെഡിക്കൽ കോളേജും ഒന്നായതോടെ ഉദ്യോഗസ്ഥ തലത്തിലും പലവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.

സർക്കാറുകൾ ഗ്രാമപഞ്ചാത്തുകൾക്കടക്കം ഫണ്ട് നൽകാൻ മടിക്കുകയാണ്. ജില്ല പഞ്ചായത്തുകൾക്ക് സാമ്പത്തിക ശക്തി അത്യാവശ്യമാണ്. അവർക്ക് നികുതി പിരിക്കാനുള്ള അവകാശം നൽകണമെന്നും അഡ്വ. കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ആറിനും ഏഴ് ലക്ഷത്തിനും ഇടയിൽ സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇതിൽ മലബാർ മേഖലയിലെ ആറ് ജില്ലകളിൽനിന്നായി 1.5 ലക്ഷം പേർ മാത്രമുള്ളൂ.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്ക് സമാനമാണ് സംസ്ഥാന സർക്കാർ മലബാറിനോട് കാണിക്കുന്നത്. കെ.എസ്.ആർ.ടി.സിയെല്ലാം മലബാറിന് അപരിചിതമാണ്. കുറഞ്ഞ ബസുകൾ മാത്രമാണ് മലബാറിലൂടെ ഓടുന്നത്. ജനസംഖ്യാനുപതികമായി ഹയർ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മലബാറിന് അനുവദിക്കുന്നില്ല.

മലപ്പുറത്തെ സർക്കാർ ആശുപത്രികളിൽ കിടക്കകൾ കുറവാണ്. കെ.എസ്.ഇ.ബിയിൽനിന്ന് പുതിയ കണക്ഷൻ ലഭിക്കണമെങ്കിൽ ദിവസങ്ങൾ പിടിക്കും. ആവശ്യമായ വസ്തുക്കൾ ഇല്ലാത്തതാണ് പ്രശ്നം. തെക്കൻ ജില്ലകളിൽ പുതിയ കണക്ഷൻ ലഭിക്കാൻ മണിക്കൂറുകൾ മതി. പക്ഷെ, ​വൈദ്യുതി വകുപ്പിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് മലബാറിൽ നിന്നാണ്.

35 ലക്ഷം കുട്ടികളാണ് കേരളത്തിൽനിന്ന് ​വിദേശത്തേക്ക് പഠിക്കാൻ പോയത്. 12 ലക്ഷം പ്രവാസികളുടെ വീടുകൾ അടച്ചിട്ടിരിക്കുന്നു. അവരൊന്നും ഒരിക്കലും തിരിച്ചുവരാൻ പോകുന്നില്ല. അഴിമതിയാണ് ഇതിന് ഒരു കാരണം. ആളുകൾക്ക് സർക്കാർ ഓഫിസുകളിൽ പോകാൻ ധൈര്യമില്ലാത്ത ദുരവസ്ഥയാണ്. കാര്യം കാണാൻ പണം നൽകുകയാണ് ആളുകൾ. സ്വാധീനം ചെലുത്തുന്നതും അഴിമതിയാണ്.

സെക്രട്ടറിയേറ്റിന്റെ അനക്സ് കോഴിക്കോട് സ്ഥാപിക്കണം. ഡിജിറ്റൽ ഗവേണൻസിന്റെ കാലത്ത് അത് ഏറെ ഏളുപ്പമാണ്. ഒരുപാട് ചെലവ് ഇതുവഴി കുറക്കാൻ സാധിക്കുമെന്നും അഡ്വ. കെ.എൻ.എ ഖാദർ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News