ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിച്ച് റാഗിങ്ങ്; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം
30 ഓളം വരുന്ന പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ധിച്ചു എന്നാണ് പരാതി.
മലപ്പുറം: എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ മർദ്ധനം. പ്ലസ് വൺ വിദ്യാർത്ഥിയെ 30 ഓളം വരുന്ന പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ധിച്ചു എന്നാണ് പരാതി. പള്ളിക്കര സ്വദേശി ഷാഹിനാണ് ക്രൂര മർദനമേറ്റത്. ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിച്ചായിരുന്നു റാഗിങ്ങ്. സ്കൂളിൽ അധ്യാപകരോട് പരാതി അറിയിച്ച ഷാഹിൻ വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വീട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിയിട്ട് മൂന്നരയോടെ സ്കൂൾ വിട്ട് പുറത്തിറങ്ങിയ ഷാഹിനെ സീനിയർ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടൺ ഇടാൻ നിർബന്ധിക്കുകയായിരുന്നു. അനുസരിക്കാതെ വന്നതോടെ സീനിയേഴ്സ് സംഘം ചേർന്ന് മർദ്ദിച്ചു. റാഗിങ്ങിന്റെ പേരിൽ ഷാഹിനെ മർദ്ധിച്ച വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.