തലച്ചോര്‍ ഇളകിയ നിലയില്‍; കാളികാവിലെ രണ്ടര വയസുകാരി നേരിട്ടത് കൊടും ക്രൂരത
കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും
മലപ്പുറം: കാളികാവ് ഉദിരംപൊയിലില്‍ മരിച്ച രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ നേരിട്ടത് കൊടും ക്രൂരത. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ട പിടിച്ചതായും തലച്ചോര്‍ ഇളകിയ നിലയിലും വാരിയെല്ല് പൊട്ടിയതായും പരിശോധനയില്‍ വ്യക്തമായി. കഴുത്തിലും മുഖത്തുമടക്കം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.
ബോധരഹിതയായ കുഞ്ഞിനെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പാര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കുട്ടിക്ക് മര്‍ദ്ദനമേറ്റ ഫായിസിന്റെ മലപ്പുറം കാളിക്കാവിലെ വീട് പൊലീസ് സീല്‍ ചെയ്തു. കുട്ടിയെ വീട്ടില്‍ വച്ച് പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ മാതാവും ബന്ധുക്കളും ആരോപിച്ചിരുന്നു.