കേരളാ ചരിത്രവുമായി ബന്ധിപ്പിക്കുന്ന ഡച്ച് രേഖകൾ പഠിക്കാൻ മലയാളി സംഘം നെതർലൻഡ്സിലേക്ക്
കോസ്മോസ് മലബാറിക്കസ് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ലെയ്ഡൻ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്
കൊച്ചി: കേരള ചരിത്രവുമായി ബന്ധിപ്പിക്കുന്ന മധ്യകാല ഡച്ചിലുള്ള രേഖകൾ പഠിക്കുന്നതിന്റെ ഭാഗമായി കേരള ചരിത്രഗവേഷണ കൗൺസിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥി സംഘം നെതർലൻഡ്സിലേക്ക്. നാല് വിദ്യാർത്ഥികളടങ്ങുന്ന ആദ്യസംഘം ജൂലൈ 1 നാണ് ലെയ്ഡൻ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. മീനു റെബേക്ക, അഞ്ജന അബി, ലിജ മേരി കെ.ജെ, ശൈലജ എം എന്നിവരാണ് ഫെലോഷിപ്പിന് അർഹരായി ഒന്നരവർഷത്തെ പരിശീലനത്തിനും പഠനത്തിനുമായി പോകുന്നത്.
കേരള ചരിത്രത്തിന്റെ ഭാഗമായ വ്യക്തികൾ, സംഭവങ്ങൾ, വ്യാപാരം, വിശ്വാസം, അടിമത്തം, ഭാഷ, ശീലങ്ങൾ ഇങ്ങനെ വിവിധതരം വിഷയമേഖലകളിലേക്ക് കേരളചരിത്ര പഠനങ്ങളെ വഴി നടത്താൻ ഡച്ച് രേഖകളുടെ പഠനം സഹായിക്കുമെന്നു ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫെസർ കെ.എൻ ഗണേഷ് പറഞ്ഞു. ഡച്ച് രേഖകളുടെ പഠനത്തിന് ഏറ്റവും വലിയ പരിമിതി അത് മധ്യകാല ഡച്ച് ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. കോസ്മോസ് മലബാറിക്കസിന്റെ ഡച്ചുഭാഷാ പരിശീലനം വഴി ഇതു മറികടക്കാൻസാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ചരിത്ര ഗവേഷണത്തിന് ചുക്കാൻ പിടിക്കുന്ന സ്ഥാപനമാണ് കേരള ചരിത്ര ഗവേഷണ കൗൺസിൽ. നെതർലാൻഡ്സിലെ ലെയ്ഡൻ സർവകലാശാലയുമായും , പുരാരേഖാ വകുപ്പുമായും ചേർന്നാണ് കോസ്മോസ് മലബാറിക്കസ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഇത് വരെയും സമഗ്ര പഠനത്തിന് വിധേയമാകാത്ത ഡച്ച് രേഖകളുടെ അടിസ്ഥാനത്തിലുള്ള ചരിത്ര ഗവേഷണ പദ്ധതിയാണ് കോസ്മോസ് മലബാറിക്കസ്.
കേരള ചരിത്രഗവേഷണ കൗൺസിലും നെതർലാൻഡിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിയും, നാഷണൽ അർകീവീസ് ഓഫ് നെതെർലാൻഡ്സും തമ്മിലുള്ള 2022 -ലെ ധാരണാപത്രപ്രകാരമുള്ള സ്റ്റുഡന്റസ് എക്സ്ചേഞ്ച് പ്രോഗ്രാമാണ് കോസ്മോസ് മലബാറിക്കസ് എന്ന പ്രോജെക്ടിന്റെ പ്രത്യേകത. കേരളത്തിൽ നിന്നും ആറ് വിദ്യാർത്ഥികൾ ലെയ്ഡനിലേക്കും .ലെയ്ഡനിൽ നിന്നും ആറു വിദ്യാർത്ഥികൾ കേരള ചരിത്ര ഗവേഷണ കൗൺലിലേക്കും ഇതിന്റെ ഭാഗമായി പഠനത്തിനായി എത്തും . കേരളത്തിലും , നെതർലൻഡ്സിലുമുള്ള ഡച്ചു ഭാഷയിലെ രേഖകൾ , ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി, പ്രസിദ്ധീകരിക്കാനാണ് കേരള ചരിത്ര ഗവേഷണ കൗൺസിൽ കോസ്മോസ് മലബാറിക്കസിലൂടെ ലക്ഷ്യം വെക്കുന്നത്.