ബന്ധുക്കളുണ്ടോ...! മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം തിരയുന്നു
ആറ് മാസം പ്രായമുളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തിയതാണ് ഇദ്ദേഹം
തിരുവനന്തപുരം: അച്ഛനും അമ്മയും മരിച്ചു... സഹോദരിയല്ലാതെ മറ്റാരുമില്ല കൂടെ. ബന്ധുക്കളെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് മലയാളം അറിയാത്ത ഈ മലയാളി. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലെ നേറ്റിവിറ്റി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ മത്യാസ് ഏബ്രഹാം ആണ് ബന്ധുക്കളെ തേടി കേരളത്തിലെത്തിയിരിക്കുന്നത്. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ ഡോ.ലാൽ സദാശിവൻ (എസ്.എസ് ലാൽ) ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.
തിരുവനന്തപുരം പാളയത്തായിരുന്നു മത്യാസ് ഏബ്രഹാമിന്റെ ജനനം. ആറ് മാസം പ്രായമുളളപ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പം എത്യോപ്യയിൽ എത്തി. എത്യോപ്യയിലും ഇംഗ്ലണ്ടിലുമായി പഠനം. പണ്ടൊക്കെ ഇടയ്ക്ക് കേരളത്തിൽ വരുമായിരുന്നു. ഒടുവിൽ പാളയത്ത് വന്നത് 1985-ലാണ്. കുടുംബത്തിലെ ചില സംഭവങ്ങൾ കാരണം നാട്ടിലെ ബന്ധുക്കളുമായുളള ബന്ധം അവസാനിച്ചു. കാരണമെന്തെന്ന് മത്യാസിന് അറിയില്ല. മാതാപിതാക്കൾ ഒന്നും പറഞ്ഞിട്ടുമില്ല. അച്ഛനും അമ്മയും മരിച്ചുപോയതോടെ ബന്ധുക്കളെ കുറിച്ചറിയാൻ മറ്റുവഴികളുമില്ല.
ഈ ലോകത്ത് സഹോദരിയല്ലാതെ മറ്റൊരു ബന്ധുവും ഇദ്ദേഹത്തിനില്ല. വിവാഹം കഴിച്ചിട്ടുമില്ല. നാട്ടിലെ ബന്ധുക്കളുമായും കസിൻസുമായും ബന്ധം സ്ഥാപിക്കാൻ അതിയായ താല്പര്യമുണ്ട് മത്യാസിന്. അച്ഛൻ കോട്ടയംകാരൻ കല്ലുങ്കൽ എബ്രഹാം ജോർജ്. അമ്മ തിരുവനന്തപുരത്ത്കാരി എലിസബത്ത് (രമണി). കെ.പി. വർഗീസ് ആയിരുന്നു അമ്മയുടെ അച്ഛൻ. ഡോ. കല്ലുങ്കൽ എബ്രഹാം ജോസഫ് ആയിരുന്നു അച്ഛന്റെ അച്ഛൻ. മെഡിക്കൽ ഡോക്ടർ ആയിരുന്നു അദ്ദേഹം. ഈ വിവരങ്ങൾ വെച്ച് കേരളത്തിലെ തന്റെ ബന്ധുക്കളെ തിരയാൻ സഹായം തേടുകയാണ് മത്യാസ്.
പാളയത്ത് വെസ്റ്റ് എൻഡ് ടെയ്ലേഴ്സിന് പിന്നിലായിരുന്നു തിരുവനന്തപുരത്തെ വീടെന്നും അദ്ദേഹത്തിനറിയാം. അന്വേഷിക്കുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഡോ. ലാലിനെ ബന്ധപ്പെടാവുന്നതാണ്.