മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

മതസ്പർധ വളർത്തുന്ന തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസെടുക്കൂ എന്നാണ് പൊലീസ് നിലപാട്

Update: 2024-11-25 01:46 GMT
Advertising

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയുടെ മൊഴിയാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തുക. മതസ്പർധ വളർത്തുന്ന തെളിവുകൾ കണ്ടെത്തിയില്ലെങ്കിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പരാതി ലഭിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ച പൊലീസിന് അത് പുനരാരംഭിക്കേണ്ടി വന്നത്.

കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തോട് ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ നാർകോടിക് സെൽ എസിപി അജിചന്ദ്രൻ നായർക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മതസ്പർധ വളർത്തുന്ന തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസെടുക്കൂ എന്നാണ് പൊലീസ് നിലപാട്.

ഈ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കുകയോ ശാസ്ത്രീയാന്വേഷണത്തിൽ കണ്ടെത്തുകയോ വേണം. എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയത് പോലും കെ. ഗോപാലകൃഷ്ണൻ ഐഎഎസാണെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിന് കഴിയുന്നില്ല. ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകളും ഒന്നിലധികം തവണ റീസെറ്റ് ചെയ്തതിനാൽ ഫൊറൻസിക് പരിശോധനയിലും കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഗ്രൂപ്പിൽ മതസ്പർധ വളർത്തുന്ന രീതിയിൽ ഒരുള്ളടക്കവും വന്നിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ പരാതി ലഭിച്ചതോടെ വീണ്ടും പ്രാഥമികാന്വേഷണം നടത്തി വീണ്ടും സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട്‌ നൽകേണ്ടതുണ്ട്. ഇതിനിടെ കേസെടുക്കാൻ കഴിയുമോ എന്നതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകുന്ന നിയമോപദേശവും നിർണായകമാവും. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News