താമരശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെന്ന വ്യാജേന വിളിച്ച് കൊണ്ടുപോയി ഫോണും പണവും കവർന്നു
അടഞ്ഞ് കിടന്ന വീടിന്റെ മുറ്റം വൃത്തിയാക്കാൻ ഏൽപിച്ച ശേഷമാണ് കവർച്ച നടത്തിയത്
കോഴിക്കോട്: താമരശേരിയിൽ ജോലിക്ക് വിളിച്ച് കൊണ്ടുപോയി ജാർഖണ്ഡ് സ്വദേശികളുടെ ഫോണും പണവും കവർന്നതായി പരാതി. അടഞ്ഞ് കിടന്ന വീടിന്റെ മുറ്റം വൃത്തിയാക്കാൻ ഏൽപിച്ച ശേഷമാണ് കവർച്ച നടത്തിയത്.
ഇന്ന് രാവിലെ താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്‍റിനു സമീപം താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ അബ്രീസ് ആലത്തെയും അബ്ദുൽ ഗഫാറിനെയും ഒരാൾ ജോലിക്കായി വിളിച്ച് കൊണ്ടു പോവുകയായിരുന്നു. ശേഷം താമരശേരി-കാരാടി കുടുക്കിൽ ആൾ താമസമില്ലാത്ത വീട്ടിലെത്തിച്ചു പുല്ല് പറിച്ച് മുറ്റം വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.
ഈ സമയം വീടിന്‍റെ മുൻഭാഗത്തെ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഗേറ്റിന്‍റെ താക്കോൽ വീട്ടിൽ വെച്ച് മറന്നുവെന്ന് വിശ്വസിപ്പിച്ചതിനാൽ മതിൽ ചാടി കടന്നാണ് തൊഴിലാളികൾ പണി ആരംഭിച്ചത്. ഇതിന് ശേഷം വീടിന്‍റെ പിൻഭാഗത്തോട് ചേർന്ന ഷെഡിൽ സൂക്ഷിച്ച ഫോണുകളും, വസ്ത്രങ്ങളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന പണവുമായി യുവാവ് കടന്ന് കളഞ്ഞു. 12.00 മണിയോടെ ചായ കുടിക്കാൻ പോകാനായി പണമെടുക്കാൻ വന്നപ്പോഴാണ് തൊഴിലാളികൾ മോഷണം നടന്ന കാര്യം അറിഞ്ഞത്.
തൊഴിലാളികൾ താമരശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ രീതിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും മോഷ്ടിച്ച സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്.