ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
കൊച്ചി: പ്രശസ്ത സിനിമാ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4.55നായിരുന്നു അന്ത്യം.
എംഎ ബിരുദധാരിയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ 'വിമോചനസമരം' എന്ന ചിത്രത്തിലൂടെ വയലാര്‍, പി. ഭാസ്കരന്‍, പി.എന്‍. ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചത്. 'ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍', 'ആഷാഢമാസം ആത്മാവില്‍ മോഹം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല കിലുങ്ങുമീ' തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക് ജന്മം നൽകി. 86 ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി. ഗോപാലകൃഷ്ണന്‍ പങ്കാളിയായി 'പൂമഠത്തെ പെണ്ണ്'എന്നൊരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്. മദ്രാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'അന്വേഷണം' മാസികയുടെ പ്രത്രാധിപരായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചിരുന്നു.
സംവിധായകൻ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്‍റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങള്‍ അദ്ദേഹം സഹകരിച്ചിട്ടുണ്ട്.