'സഖാക്കളില്‍ പലര്‍ക്കും പാര്‍ലമെന്‍ററി, മന്ത്രി മോഹങ്ങള്‍, സ്ഥാനാര്‍ഥിയാകാന്‍ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരടുവലികളും നടന്നു'; സി.പി.എം റിപ്പോര്‍ട്ട് പുറത്ത്

ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവരില്‍ നിന്ന് പണം നേരിട്ട് വാങ്ങുന്ന രീതിയുള്ളതായും റിപ്പോര്‍ട്ട്

Update: 2021-09-03 06:31 GMT
Editor : ijas
Advertising

പാര്‍ലമെന്‍ററി സ്ഥാനത്തിന്‍റെയും മന്ത്രി സ്ഥാനത്തിന്‍റെയും ആകര്‍ഷണീയതയില്‍ പല സഖാക്കളും തല്‍പരരാകുന്നതായി സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിരവധി തെറ്റായ പ്രവണതകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തെറ്റുതിരുത്തല്‍ രേഖകളില്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായും സി.പി.എം റിപ്പോര്‍ട്ട് പറയുന്നു.

പൊന്നാനിയിലും കുറ്റ്യാടിയിലും നടന്ന പ്രകടനങ്ങള്‍ പാര്‍ട്ടിക്കെതിരായി മാധ്യമങ്ങളും എതിരാളികളും വ്യാപകമായി ഉപയോഗപ്പെടുത്താനായത് സഖാക്കള്‍ സ്വീകരിച്ച തെറ്റായ സമീപന രീതി കാരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. കുറ്റ്യാടിയിലെ പ്രകടനത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററെയും കുടുംബത്തെയും കടന്നാക്രമിക്കുന്ന മുദ്രാവാക്യങ്ങളുണ്ടായി. പാര്‍ട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചരണ ശൈലി കാണുകയുണ്ടായതായും സി.പി.എം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ചില ഇടങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ സ്ഥാനാര്‍ഥിയാകുന്നതിന് വേണ്ടിയുള്ള മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരടുവലികളും, ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവരില്‍ നിന്ന് പണം നേരിട്ട് വാങ്ങുന്ന രീതിയുള്ളതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇത് പാര്‍ട്ടി രീതിയല്ലെന്നും സി.പി.എം വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ നടന്ന ജില്ലകളില്‍ പരിശോധിച്ച് തിരുത്തണം. അപൂര്‍വം ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ അംശങ്ങള്‍ ദൃശ്യമായത് ഈ മുന്നേറ്റത്തിലും പരിശോധിക്കപ്പെടാതിരിക്കരുത്. സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ ശുപാര്‍ശ ചെയ്യിക്കുന്ന ചിലരും ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്. ഒരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഇത്തരം ദൗര്‍ബല്യങ്ങള്‍ക്കെതിരെ കര്‍ശനമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും സി.പി.എം വിലയിരുത്തി.

പാർട്ടിയുടെ സ്വാധീനമേഖലകളിൽ തള്ളിക്കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തണം. പുതിയ മേഖലകളിൽ ബി.ജെ.പി സ്വാധീനം വർധിപ്പിച്ചത് എവിടെയാണെന്ന് പ്രത്യേകം പരിശോധിച്ച് തിരുത്തൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 9, 10 തീയതികളിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News