മാവോയിസ്റ്റ് ഭീഷണി; നവകേരള സദസ്സിന് അധിക സുരക്ഷയുമായി പൊലീസ്

കനത്ത പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും പരിപാടി നടക്കുന്ന വേദിയിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക

Update: 2023-11-18 02:51 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുൻകൂട്ടി തീരുമാനിച്ചതിലുമധികം സുരക്ഷയൊരുക്കാൻ പൊലീസ്. കോഴിക്കോട് ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസ്സിനെത്തുന്ന പൊതുജനങ്ങൾക്കെല്ലാം പ്രവേശനം നൽകുമെങ്കിലും കനത്ത പരിശോധന പൂർത്തിയാക്കിയതിനുശേഷം മാത്രമായിരിക്കും ഇത്.

കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിനാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്. സി.പി.ഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലായിരുന്നു കത്ത്. കത്ത് ലഭിച്ച കാര്യം കലക്ടറും രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഇതോടുകൂടി നവകേരള സദസ്സിന് നൽകാൻ തീരുമാനിച്ചിരുന്ന സുരക്ഷ വർധിപ്പിക്കുകയായിരുന്നു.

ഓരോ മണ്ഡല പരിധിയിലെ പൊലീസ് സ്റ്റേഷനുകൾ കൂടാതെ മറ്റ് സമീപ സ്റ്റേഷനുകളിൽനിന്നും എ.ആർ ക്യാമ്പിൽനിന്നും സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിക്കും. കൂടാതെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാറ്റഗറി അനുസരിച്ചുള്ള സുരക്ഷയും ഏർപ്പാടാക്കിക്കഴിഞ്ഞു. ഇതിന് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ നിർദേശം നൽകി. ഒപ്പം പരിപാടിക്കെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കും.

Full View

ഓരോ വകുപ്പുകളിലെയും പരാതികൾ സ്വീകരിക്കാനുള്ള കൗണ്ടറുകൾ നവകേരളാ സദസ്സ്‌ നടക്കുന്ന വേദിക്കടുത്ത്‌ ഒരുക്കിയിട്ടുണ്ട്‌. ഇവിടേയ്‌ക്കുള്ള പ്രവേശനം മറ്റൊരു ഗേറ്റ്‌ വഴിയാക്കി പ്രധാന വേദിയിൽ തിക്കും തിരക്കും കുറയ്‌ക്കാനാണ്‌ പൊലീസ്‌ നീക്കം. ബുധനാഴ്ച ഡി.ജി.പി വിളിച്ച ജില്ലാ പൊലീസ്‌ മേധാവിമാരുടെ യോഗം സുരക്ഷാ ക്രമീകരണങ്ങൾ ഓരോന്നും വിലയിരുത്തിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്‌കുമാറുമായും പൊലീസ്‌ മേധാവി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Summary: Police to provide more security than previously decided for the Nava Kerala Sadass to be attended by the Chief Minister and Ministers. The action was taken in the context of receiving a threat letter from the Kozhikode district collector on behalf of the Maoists

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News