'നമ്മുടെ രാജ്യത്തിന് പറ്റില്ല, നൈറ്റ് ലൈഫിന് തടയിടണം'; മേയര്‍ ബീനാ ഫിലിപ്പ്
കോവൂർ ഇരിങ്ങാടൻ പള്ളി സംഘർഷത്തിൽ കച്ചവടക്കാർക്കെതിരെയും മേയര്‍ രംഗത്തുവന്നു


കോഴിക്കോട്: കോവൂർ ഇരിങ്ങാടൻ പള്ളിയിലെ നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് . നൈറ്റ് ലൈഫ് നമ്മുടെ രാജ്യത്തിനു അത്ര പറ്റില്ല എന്നാണ് ഇതിലൂടെ മനസിലാക്കുന്നത് . കുട്ടികളൊക്കെ നുണ പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതെന്നും മേയർ പറഞ്ഞു.
കോവൂർ ഇരിങ്ങാടൻ പള്ളി സംഘർഷത്തിൽ കച്ചവടക്കാർക്കെതിരെയും മേയര്‍ രംഗത്തുവന്നു .രാത്രി കാല കച്ചവടങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ അല്ല ഇവർക്ക് ലൈസൻസ് നൽകുന്നത്. കേന്ദ്രസർക്കാരിന്‍റെ ഉദ്യം രജിസ്ട്രേഷൻ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്‍റെ മറവിൽ ചെറുപ്പക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . നാട്ടുകാരും പൊലീസും ലഹരി ഉപയോഗത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മേയർ പറഞ്ഞു.
ഇന്നലെ കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകൾ ഡിവൈഎഫ്ഐ അടിച്ചുതകര്‍ത്തിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ കടക്കാർ തള്ളിയെന്നാരോപിച്ചാണ് കടകൾ തല്ലി തകർത്തത്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഡിവൈഎഫ്ഐയുടെ കട തകർത്തുള്ള പ്രതിഷേധം.
കുറച്ചു കാലങ്ങളായി കോവൂർ ഇരിങ്ങാടൻ പള്ളിയിൽ നില നിൽക്കുന്ന കച്ചവടക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടു കൊണ്ടാണ് ഡിവൈഎഫ്ഐ കടകൾ തല്ലി തകർത്തത്. കച്ചവടക്കാർ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകൾ അടിച്ചു തകർത്തത്. കടകൾ കേന്ദ്രീകരിച്ച് രാസ ലഹരി വിൽപന നടക്കുന്നുവെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം. അതേസമയം ലഹരി തടയുന്നതിന് പൊലീസും അധികൃതരും പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കാമെന്നും എന്നാൽ കടകൾ 10.30 ഓടെ അടക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കച്ചവടക്കാർ പറയുന്നു.