മീഡിയവൺ ലിറ്റിൽ സ്കോളർ രജിസ്ട്രേഷൻ ഡിസംബർ 20 വരെ നീട്ടി
മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ മൂന്ന് കാറ്റഗറിയിൽ മത്സരിക്കും
കോഴിക്കോട്: മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളറിൻ്റെ രജിസ്ട്രേഷൻ കാലാവധി ഡിസംബർ 20 വരെ നീട്ടി. മലർവാടി - ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തുന്ന പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ഏഗൺ ലേണിങ്ങ് ആണ്.
ലിറ്റിൽ സ്കോളർ പ്രഖ്യാപിച്ചതിനെ തുടർന്ന് കൂടുതൽ മേഖലകളിൽ നിന്ന് പങ്കാളിത്ത അവസരങ്ങൾ ആവശ്യമുയർന്ന പശ്ചാതലത്തിലാണ് രജിസ്ട്രേഷൻ കാലാവധി ഡിസംബർ 20 വരെ നീട്ടിയത്. ഇതിനകം തന്നെ ആയിരക്കണക്കിന് വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി, ആന്തമാൻ & നിക്കോബർ ദ്വീപ്, ചെന്നൈ, ബാംഗ്ലൂർ എന്നിവടങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ 250 സെൻ്ററുകളിൽ പ്രാഥമികതല വിജ്ഞാന പരീക്ഷ നടക്കും. ജി.സി.സിയിലെ ആറ് രാജ്യങ്ങളിലായി 50 സെൻ്ററുകളും ഇതിനായി സംവിധാനിച്ചിട്ടുണ്ട്. ഇന്ത്യയിലും UAE യിലും ജനുവരി 20 നാണ് പ്രാഥമികതല മത്സരം. മറ്റ് ജി.സി.സി രാജ്യങ്ങളിൽ ജനുവരി 12 ന് നടക്കും.
മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ മൂന്ന് കാറ്റഗറിയിൽ മത്സരിക്കും. പ്രാഥമികതല വിജയികളിൽ നിന്ന് തെരെഞ്ഞെടുക്കുന്നവരെ രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുപ്പിക്കും. അന്താരാഷ്ട്ര മത്സരവും, ഗ്രാൻ്റ് ഫിനാലെയും തുടർന്ന് നടക്കും.
ഐ. മാക്, ലാപ്ടോപ്, സൈക്കിൾ, ക്വിൻ്റൽ, സ്മാർട്ട് വാച്ച് ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 80 % കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് മെഡലുകളും നേടാം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ലിറ്റിൽ സ്കോളർ ലോഗോ പ്രകാശനം ചെയ്തത്.
സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ വിവിധ പ്രചാരണ പരിപാടികളിൽ പങ്കാളികളായി. മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് സംസ്ഥാന തല രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തൻ്റെ മകൾ ഫാത്തിമ നർഗീസിനെ ചേർത്താണ് മലപ്പുറം ജില്ലാ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയിലും ഗ്രാൻ്റ് മാസ്റ്റർ ജി.എസ് പ്രദീപ് തിരുവനന്തപുരത്തും ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലും പ്രചാരണ പരിപാടികൾ നടന്നു.
സ്കൂളുകൾ, മാളുകൾ, ബീച്ചുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രജിസ്ട്രേഷൻ കിയോസ്കികൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും. രജിസ്ട്രേഷന് https://littlescholar.mediaoneonline.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.