യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ
മറ്റ് രാജ്യങ്ങളിൽ പഠിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയില്ലാത്തതും വിദ്യാർഥികൾക്ക് തിരിച്ചടിയായി
തിരുവനന്തപുരം: യുക്രൈനിൽ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ. കേരളത്തിൽ നിന്ന് 3687 വിദ്യാർഥികൾ യുക്രൈനിൽ നിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാവരുടെയും പഠനം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
മറ്റ് രാജ്യങ്ങളിൽ പഠിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതിയില്ലാത്തതും വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പഠിക്കാൻ എൻ.എം.സി അനുമതിയില്ല. റഷ്യയിൽ പഠിക്കാൻ സൗകര്യം നൽകാമെന്ന റഷ്യൻ കൾച്ചറൽ സെന്ററിന്റെ വാഗ്ദാനവും പാഴായി. യുക്രെയിൻ നിന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് ടി സി നൽകുന്നില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
അഞ്ച് മാസമായി വിദ്യാർഥികൾ തുടർപഠനത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ അനിശ്ചിതത്വത്തിലാണ്. സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.