കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് തീരുമാനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍

Update: 2021-09-04 01:39 GMT
Advertising

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടരണമോയെന്ന് ഇന്ന് തീരുമാനമുണ്ടായേക്കും. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി.

രോഗവ്യാപനത്തില്‍ കുറവില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ - അന്തര്‍ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ അവലോകന യോഗത്തില്‍ പരിശോധിക്കും. രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതും യോഗത്തിലുയര്‍ന്നേക്കും.

രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ക്വാറന്‍റൈന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ട സമിതിയെ രൂപീകരിക്കും. വാര്‍ഡ് തല സമിതിയെ സജീവമാക്കി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം.

അതേസമയം സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് കോവിഷീല്‍ഡ് വാക്സിന്‍ അവശേഷിക്കുന്നത്. എറണാകുളം ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്നലെ തന്നെ കോവിഷീല്‍ഡ് തീര്‍ന്നിരുന്നു. 25,000 ഡോസ് കോവാക്സിന്‍ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. ഇന്ന് 10 ജില്ലകളില്‍ കോവാക്സിന്‍ മാത്രമായിരിക്കും നല്‍കുക. ഇന്ന് വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ പൂര്‍ണമായും പ്രതിസന്ധിയിലാകും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News