കടയ്ക്കുള്ളിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം

സ്വർണ മാലയും പണവും നഷ്ടപ്പെട്ടു

Update: 2023-12-31 06:49 GMT
Advertising

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരി കടക്കുള്ളിൽ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

മൈലപ്ര പുതുവേലിൽ സ്റ്റോഴ്‌സ് ഉടമ ജോർജ്  (72) ആണ് ശനിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഞായറാഴ്ച രാവിലെ അന്വേഷണ സംഘം കടയിലെത്തി പരിശോധിച്ചു. ഫോറൻസിക് സംഘവും വിശദമായി പരിശോധന നടത്തും. സമീപത്തെ സിസിടിവികൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കടയും പരിസരവും പരിചയമുള്ളവരാണ് കൊലപാതകം നടത്തി​യതെന്ന് പൊലീസിന് സംശയമുണ്ട്. തിരക്ക് കുറവുള്ള സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. ജോർജിന്റെ കഴുത്തിൽ സ്ഥിരമായി സ്വർണമാലയുണ്ടാകാറുണ്ട്. അതുപോലെ കടയിൽ പണവും സൂക്ഷിക്കാറുണ്ട്. ഇത് രണ്ടും നഷ്ടമായിട്ടുണ്ട്.

മോഷണമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നിലധികം ആളുകൾ സംഭവത്തിന് പിന്നിൽ ഉണ്ടാകാമെന്നും സൂചനയുണ്ട്. ജോർജിന്റെ കൈ കാലുകൾ ബന്ധിച്ച് വായയിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കടയിൽ സിസിടിവിയുണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് അടക്കം കൊണ്ടുപോയിട്ടുണ്ട്. അതിനാൽ തന്നെ വ്യക്തമായ ധാരണയുള്ളവരാണ് പിന്നിലെന്ന് സംശയിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറിന് ജോർജിന്റെ ചെറുമകൻ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാൻ വന്നപ്പോഴാണ് സംഭവം അറിയുന്നത്. പട്ടാപ്പകൽ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News