വൈസ് ചാൻസലറുടെ പുനർനിയമനം; വിവാദം അനാവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു
''പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി''
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. പ്രോചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രോചാൻസലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണ്. കൂടാതെ, ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പുറത്തുവിട്ട വാർത്താകുറിപ്പിലാണ് പ്രതികരണം.
പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണ്. സർവകലാശാലയുടെ ചാൻസലർ ഗവർണറും പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണ്. ഇതുകൊണ്ടുതന്നെ പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലറെ കത്തു മുഖേന അറിയിക്കാം. സർവകലാശാലാനിയമത്തിൽ പ്രോചാൻസലർ പദവി പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇത് സ്വാഭാവിക നടപടി മാത്രമാണ് - മന്ത്രി പറഞ്ഞു.
പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ ഉത്തരവാദിത്തത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണ്. നിയമനത്തിൽ അപാകതയൊന്നുമില്ലെന്ന് കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണ് -മന്ത്രി ഡോ. ആർ ബിന്ദു ചൂണ്ടിക്കാട്ടി.
Despite the government's stance on the re-appointment of the Vice Chancellor of Kannur University, the ongoing controversy in this regard is unnecessary, said the Minister of Higher Education, Dr. R Bindu