'അന്ന് ടിവിയില്ല, ഓണ്‍ലൈനില്ല, ടെന്‍ഷനൊക്കെയുണ്ടായിരുന്നു': തന്‍റെ പത്താം ക്ലാസ് കാലത്തെ കുറിച്ച് മന്ത്രി ശിവന്‍കുട്ടി
ഇന്ന് കുട്ടികള്‍ക്ക് പഠനത്തില്‍ അത്യന്താധുനിക ശാസ്ത്ര സാങ്കേതിക സഹായം കിട്ടുന്നുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: തന്‍റെ പത്താം ക്ലാസ് കാലവും ഇപ്പോഴത്തെ സാഹചര്യങ്ങളും താരതമ്യം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അക്കാലത്ത് ടെലിവിഷനും ഓണ്‍ലൈനുമൊന്നുമില്ല. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് അത്യന്താധുനിക ശാസ്ത്ര സാങ്കേതിക സഹായം കിട്ടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
"കുട്ടികള്‍ക്ക് ഒരുപാട് ഏജന്‍സികളുടെ സഹായം കിട്ടുന്ന കാലമാണ്. ടെലിവിഷന്‍ വഴിയായാലും സോഷ്യല്‍ മീഡിയ മുഖാന്തരമായാലും കുട്ടികള്‍ക്ക് അത്യന്താധുനിക ശാസ്ത്ര സാങ്കേതിക സഹായം കിട്ടുന്നു. പാരന്‍റ് ടീച്ചേഴ്സ് അസോസിയേഷന്‍ സജീവമാണ്. ജനങ്ങളുടെ എല്ലാ സഹായവുമുണ്ട്. വീക്കായ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ സ്കൂളുകളില്‍ പ്രത്യേക സംവിധാനമുണ്ട്. എന്‍റെയൊക്കെ സമയത്ത് അങ്ങനെയൊരു കാര്യമൊന്നും ഇല്ലല്ലോ. നമുക്ക് ടിവിയില്ല, ഓണ്‍ലൈനില്ല. പഠിപ്പിക്കുന്നത് പഠിക്കും. നമുക്ക് ടെന്‍ഷനുണ്ടാവുമല്ലോ. ഏത് പരീക്ഷ എഴുതാന്‍ പോകുന്ന ആര്‍ക്കും ടെന്‍ഷനുണ്ടാവുമല്ലോ. ഇപ്പോള്‍ കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ കഴിഞ്ഞ് എല്ലാം വീണ്ടും റിവിഷന്‍ ചെയ്ത് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്ന സാഹചര്യം ഇന്നുണ്ട്"- മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇത് പരിഹരിക്കാനാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഈ പ്രശ്‌നം രൂക്ഷമാണ്. വയനാട്ടിൽ സീറ്റ് കുറവ് മാത്രമല്ല, ഇഷ്ടപ്പെട്ട വിഷയങ്ങൾ ലഭിക്കാത്ത പ്രശ്‌നവുമുണ്ട്. ഇതിനെ കുറിച്ചെല്ലാം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രേസ് മാർക്ക് സംവിധാനം ഇത്തവണയും തുടരുമെന്ന് മന്ത്രി പറഞ്ഞു.
നാലു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2,960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാർഥികളാണ് ഇന്ന് പരീക്ഷാ ഹാളുകളിലേക്ക് എത്തുക. ഗൾഫിൽ 518 പേരും ലക്ഷദ്വീപിൽ 289 പേരും പരീക്ഷ എഴുതും.
രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷാ സമയം. ഭാഷാ വിഷയങ്ങളുടെ പരീക്ഷ ആദ്യം നടക്കും. ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് 12.15 വരെയാണ് സമയം. സമ്മർദം ഇല്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കഴിയട്ടെയെന്ന് ശിവൻകുട്ടി ആശംസിച്ചു. വേനൽച്ചൂട് കണക്കിലെടുത്ത് വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കും. മാർച്ച് 29നാണ് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുക. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും.