സംശയങ്ങൾക്ക് വിരാമം; കണ്ണൂരിൽ കാണാതായ യുവതിയെ കണ്ടെത്തി
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം രമ്യയുടെ ആണെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് യുവതിയെ കണ്ടെത്തിയത്.
കണ്ണൂർ: കണ്ണവത്തു നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. തൊടിക്കളം സ്വദേശി രമ്യ(31)യെയാണ് കണ്ടെത്തിയത്. തൊടീക്കളം കോളനിയിലെ ബാബുവിന്റെ ഭാര്യയായ രമ്യയെ രണ്ടാഴ്ച മുൻപാണ് കാണാതായത്. മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം രമ്യയുടെ ആണെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് യുവതിയെ കണ്ടെത്തിയത്.
അന്വേഷണ സംഘം കണ്ണവത്തെത്തി അമ്മയുടെ മൊഴിയെടുക്കുകയും രക്ത സാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് രമ്യയെ കണ്ടെത്തിയത്. പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്.
യുവതി ഈ കോളനിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ബന്ധുക്കൾ എത്തി രമ്യയെ തിരിച്ചറിയുകയായിരുന്നു. കണ്ണവം പൊലീസ് കോളനിയിൽ എത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രകാരമുള്ള മറ്റു നടപടിക്കായി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.
രമ്യയെ കാണാനില്ലെന്ന് കാട്ടി കണ്ണവം പൊലീസ് സ്റ്റേഷനിൽ ഭർത്താവായ ബാബു പരാതി നൽകിയിരുന്നു. കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മാക്കൂട്ടം ചുരംപാതയിലെ വനത്തിൽ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്.