ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ; ആന മാനിവയൽ വനത്തിൽ
മാനിവയൽ പ്രദേശത്തുനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്.
Update: 2024-02-15 02:08 GMT
വയനാട്: മാനന്തവാടിയിൽ ഭീതിപരത്തുന്ന ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ. കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണ് ഇപ്പോൾ ആനയുള്ളത്. ഇവിടെനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ചുകടന്നാണ് ആന ഈ പ്രദേശത്ത് എത്തിയത്. മയക്കുവെടി വെക്കുന്നതിനായി ട്രാക്കിങ് ടീം വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്.
ഇന്നലെ പകൽ മുഴുവൻ ആന കർണാടക വനമേഖലയിലായിരുന്നു. രാത്രിയോടെയാണ് മാനിവയൽ പ്രദേശത്ത് എത്തിയത്. ഇന്നലെ രണ്ടുതവണ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ബേലൂർ മഗ്നക്കൊപ്പമുള്ള മറ്റൊരു മോഴയാന ദൗത്യസംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഈ മോഴയാന മുഴുവൻ സമയവും ബേലൂർ മഗ്നക്കൊപ്പം തുടരുന്നതും മയക്കുവെടി വെക്കാനുള്ള ശ്രമത്തിന് തടസ്സമാകുന്നുണ്ട്.