മോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തി: പ്രഫ. മുഹമ്മദ് സുലൈമാൻ

ഫലസ്തീനിൽ എത്ര തീമഴ വർഷിച്ചാലും ആത്യന്തിക പരാജയം ഇസ്രായേലിനായിരിക്കുമെന്നതാണ് വിയറ്റ്‌നാമും അഫ്ഗാനും ലോകത്തിന് നൽകിയ പാഠമെന്നും ഇന്ത്യൻ നാഷണൽ ലീഗ് ദേശീയ അധ്യക്ഷൻ

Update: 2023-10-31 15:14 GMT
Advertising

കോട്ടക്കൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ അനുകൂല നിലപാട് ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അന്തസ്സ് കെടുത്തിയെന്ന് ഇന്ത്യൻ നാഷണൽ ലീഗ് ദേശീയ അധ്യക്ഷനും ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് നേതാവുമായ പ്രഫ. മുഹമ്മദ് സുലൈമാൻ. സ്വതന്ത്ര്യ മാതൃരാജ്യത്തിനും സ്വയംഭരണാവകാശത്തിനും പതിറ്റാണ്ടുകളായി ഫലസ്തീനികൾ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് വന്നിരുന്ന രാജ്യത്തിന്റെ പശ്ചിമേഷ്യൻ നയത്തെ അട്ടിമറിച്ച് കൈയേറ്റക്കാരും അതിക്രമികളുമായ ഇസ്രായേലുമായി ചങ്ങാത്തമുണ്ടാക്കുകയാണ് മോദി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എൻ.എൽ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ലോകസഭ മണ്ഡലം കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഐഎൻഎൽ നേതാവ്.

അത്യാധുനീകവും അതിമാരകവുമായ ആയുധങ്ങളുമായി ഗസ്സയിൽ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ ഇസ്രായേലും സഖ്യ രാഷ്ട്രങ്ങളും ലോക മനസ്സാക്ഷിക്ക് അംഗീകരിക്കാനാകാത്ത യുദ്ധക്കുറ്റങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഫലസ്തീനിൽ എത്ര തീമഴ വർഷിച്ചാലും യുദ്ധത്തിന്റെ ആത്യന്തിക പരാജയം ഇസ്രായേലിനായിരിക്കുമെന്നതാണ് വിയറ്റ്‌നാമും അഫ്ഗാനും ലോകത്തിന് നൽകിയ പാഠമെന്നും പ്രഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു.

ഭരണഘടന സ്ഥാപനങ്ങളെയും സ്വതന്ത്ര്യ മാധ്യമങ്ങളെയും ഭയപ്പെടുന്ന ഭീരുവാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നും വരുന്ന ലോകസഭ തിരഞ്ഞെടുപ്പോടെ മോദിയുഗം അസ്തമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പുകൾപെറ്റ സാമുദായിക മൈത്രി ഇല്ലാതാക്കാൻ ദേശീയ തലത്തിൽ ഗൂഡാലോചന നടക്കുന്നതായും കേരളീയർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ഐഎൻഎൽ ജില്ല പ്രസിഡന്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഡൽഹിയിലെ ഇന്ദിര ഗാന്ധി ഓപ്പൺ യൂനിവേഴ്‌സിറ്റിയുടെ മുൻ പ്രോ. വൈസ് ചാൻസലർ ഡോ: ബഷീർ അഹമ്മദ് ഫലസ്തീൻ ഐക്യദാർഡ്യ പ്രഭാഷണം നടത്തി. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി ഹംസ ഹാജി, സംസ്ഥാന നേതാക്കളായ സലാം കുരിക്കൾ, ഒ.ഒ ശംസു, സി.പി അൻവർ സാദത്ത്, പോഷക സംഘടനകളുടെ സംസ്ഥാന നേതാക്കളായ ഡോ: അബു കുമ്മാളി, വി.പി അബ്ദുല്ല കോയ, എയർലൻസ് അസീസ് പറാട്ടി കുഞ്ഞാൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.പി അബ്ദുൽ വഹാബ് സ്വഗതവും സെക്രട്ടറി നാസർ ചെനക്കലങ്ങാടി നന്ദിയും പറഞ്ഞു.തുടർന്ന് കോട്ടക്കൽ വ്യാപാരഭവൻ റോഡിന് സമീപം നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കൽ ചടങ്ങിന് ഐ.എൻ.എല്ലിന്റയും പോഷക സംഘടനകളുടെയും ജില്ല നേതാക്കൾ നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News