'തുല്യവും സുരക്ഷിതവുമായ തൊഴിലിടം'; സിനിമാ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

പുതിയ നിർദേശങ്ങളുമായി ഇന്ന് ഒരു പുതിയ പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി അറിയിച്ചു

Update: 2024-09-07 12:28 GMT
Advertising

കൊച്ചി: ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ 'വിമൻ ഇൻ സിനിമ കലക്‌ടീവ്‌' (ഡബ്ല്യുസിസി). എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കാനുള്ള പുതിയ നിർദേശങ്ങളാണ് അവതരിപ്പിക്കാനൊരുങ്ങുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി.

പുതിയ നിർദേശങ്ങളുമായി ഇന്ന് ഒരു പുതിയ പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി അറിയിച്ചു. കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.

മേഖലയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസോടെയും ഐക്യദാർഢ്യത്തോടെയും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യുസിസി പറഞ്ഞു. സിനിമാ വ്യവസായത്തെ വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്നതാവും സിനിമാ പെരുമാറ്റച്ചട്ടമെന്നും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക എന്നും ഡബ്ല്യുസിസി അറിയിച്ചു.

Full View

ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് കഴിഞ്ഞദിവസം ഡബ്ല്യുസിസി അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് സൈബർ ആക്രമണമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

'സ്വന്തം അവസ്ഥ വ്യക്തമാക്കാൻ കഴിയുന്ന ഇര അന്നുമുതൽ ഇരയേയല്ല, അവൻ അല്ലെങ്കിൽ അവൾ ഭീഷണിയാകുന്നു' എന്ന അമേരിക്കൻ എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമായ ജയിംസ്‌ ബാൾഡ്വിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു കൂട്ടായ്മയുടെ പ്രതികരണം. ജോലി ചെയ്യാനുള്ള അവസരത്തിനും തൊഴിലിടത്തിൽ സ്‌ത്രീയുടെ അന്തസ്‌ സംരക്ഷിക്കാനും അവർക്കുകൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ്‌ തങ്ങൾ ശ്രമിക്കുന്നതെന്ന് കൂട്ടായ്മ പറഞ്ഞു.

ഒരു പിന്തുണയുമില്ലാതെ തൊഴിലിടത്തെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞ്, പൊതുമാധ്യമത്തിൽ ശക്തരായി നിൽക്കുന്ന സ്‌ത്രീകൾക്കെല്ലാം അഭിവാദ്യങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അനുരണനങ്ങൾ കേരളത്തിന്‌ പുറത്തേക്കുമെത്തുകയാണ്‌. ഇനി തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിന്റെ കാലമാണ്‌. അതിനെ നിയമപരമായി നേരിട്ട് മുന്നോട്ടുപോകുമെന്നും ഡബ്ല്യുസിസി കുറിച്ചു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ൽ ജസ്റ്റിസ് ഹേമ അധ്യക്ഷനായി സർക്കാർ കമ്മീഷനെ നിയോഗിച്ചത്. 2019ലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ നാലര വർഷം സർക്കാർ പൂഴ്ത്തിവച്ച റിപ്പോർട്ട്, ചില മാധ്യമപ്രവർത്തകർ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് ഹൈക്കോടതി ഇടപെടലിലൂടെ പുറത്തുവന്നത്. 

മലയാള സിനിമാമേഖലയിൽ വനിതാ താരങ്ങൾ നേരിട്ട ലൈം​ഗികാതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടുനിരത്തുന്നതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. പ്രമുഖ താരങ്ങൾക്കെതിരെയുൾപ്പെടെ വനിതാ താരങ്ങളുടെ വെളിപ്പെടുത്തലുകളും പരാതികളും റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു. 

ഇതിനു പിന്നാലെ മുകേഷ്, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ, ബാബുരാജ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്കെതിരെയും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയും ലൈം​ഗികാതിക്രമ ആരോപണവും പരാതിയുമായി വിവിധ നടിമാർ രം​ഗത്തെത്തുകയും തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതിസന്ധിയിലായ താരസംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ധീഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തും രാജിവച്ചു. പിന്നാലെ 'അമ്മ'യുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News