ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ച; ചർച്ചയിലേക്ക് ക്രൈംബ്രാഞ്ച് എഡിജിപിയെ വിളിച്ചു വരുത്തി
എം.ആർ അജിത്കുമാർ അടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി. എഡിജിപി എം.ആർ അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
എം.ആർ അജിത്കുമാർ അടക്കമുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ഐജി ജി. സ്പർജൻകുമാർ, ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്പി എ. ഷാനവാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി. എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.