ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളില്‍ ഇനിമുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതിയുണ്ട്.
ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമായത്. വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പുതിയ ഇളവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. എ.സി പ്രവര്‍ത്തിക്കാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.
വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.