'പരദൂഷണം പറഞ്ഞ് ഭിന്നിപ്പ് ഉണ്ടാക്കരുത്; തൊപ്പിവച്ച സൈബർ പോരാളിയെ നിയന്ത്രിച്ചില്ലെങ്കിൽ പലതും പറയേണ്ടിവരും'-ഉമർ ഫൈസിക്കെതിരെ എംഎസ്എഫ് നേതാവ്

സാദിഖലി തങ്ങൾക്കു വിവരമില്ലെന്നും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാസിയായത് എന്നുമായിരുന്നു മുക്കം ഉമർ ഫൈസിയുടെ വിമർശനം

Update: 2024-10-28 09:55 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരെ മുസ്‌ലിം ലീഗ് വിദ്യാർഥി സംഘടന. ഏഷണിയും പരദൂഷണം പറഞ്ഞ് സമുദായത്തിനിടയിൽ ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. സജൽ പറഞ്ഞു. തൊപ്പിവച്ച സൈബർ പോരാളിയെ നിയന്ത്രിച്ചില്ലെങ്കിൽ പലതും സമുദായത്തിനു പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎസ്എഫ് നേതാവിന്റെ പ്രതികരണം. നിയമം എല്ലാത്തിനുമുണ്ട്. ഒരാളുടെ അസാന്നിധ്യത്തിൽ അയാളെക്കുറിച്ച് മോശം പറയൽ ശരിയല്ല. മതത്തിൽ ഗവേഷകനാകുന്നതിനുമുൻപ് ആദ്യം വിശ്വാസിയാകണം. ഏഷണിയും പരദൂഷണവും പറഞ്ഞ് സമുദായത്തിനിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കരുതെന്നും അഡ്വ. സജൽ പറഞ്ഞു.

സ്വാദിഖലി തങ്ങൾക്ക് ഖാസി ആകാൻ യോഗ്യതയില്ല എന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ വിമർശനം. ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാതെയാണ് സാദിഖലി തങ്ങൾ ഖാസിയായത്. അദ്ദേഹത്തിനു വിവരമില്ല. വിവരമില്ലെങ്കിലും ഖാസി ആകണമെന്ന് ചിലർ പറയുന്നു, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാൻ ചിലരും നിൽക്കുന്നു. സമസ്തയിൽനിന്ന് ചിലർ ഇതിനു പിന്തുണ നൽകുകയും ചെയ്യുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്നുപറയും. ആരെയും പേടിച്ചില്ല, ജനങ്ങൾക്കിടയിൽ കുഴപ്പം ഉണ്ടാകരുതെന്നു കരുതിയാണ് മിണ്ടാതിരിക്കുന്നത്. തങ്ങളുടെ കൈയിലും ആയുധങ്ങളുണ്ടെന്നും ആവശ്യം വരുമ്പോൾ എടുക്കുമെന്നും ഉമർ ഫൈസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഡ്വ. സജലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മസ്അലയും നിയമവും എല്ലാത്തിനുമുണ്ട്. ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ കുറിച്ച് മോശം പറയൽ അയാളുടെ പച്ച ഇറച്ചി ഭക്ഷിക്കുന്നതിന് തുല്യമാണ്. മുജ്തഹിദാകുന്നതിനു മുമ്പ് ആദ്യം മുഅ്മിൻ ആവണം. അതല്ലാതെ നമീമത്തും ഏഷണിയും പരദൂഷണവും പറഞ്ഞ് ഉമ്മത്തിനിടയിൽ ഭിന്നിപ്പ് ഉണ്ടാക്കരുത്.

Full View

പിന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കന്മാരുമൊക്കെ നേരിട്ട് ഫോണിൽ വിളിക്കുമ്പോൾ വലിയ ആളായി എന്നുള്ള തോന്നൽ തോന്നാൻ പാടില്ല എന്നുള്ള വിനയവും ഇസ്‌ലാമികമാണ്. തൊപ്പിവച്ച സൈബർ പോരാളിയെ നിയന്ത്രിച്ചില്ലെങ്കിൽ പലതും ഉമ്മത്തിന് പറയേണ്ടിവരും.

Summary: MSF National Secretary Adv Sajal criticizes Samastha leader Mukkam Umar Faizy in his remarks against Panakkad Sayyid Sadiq Ali Shihab Thangal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News