ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത് ഏകപക്ഷീയമായെന്ന് മുഫീദ തസ്‌നി

പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ആലോചിക്കേണ്ടവരോടെല്ലാം ആലോചിച്ചാണ് കമ്മിറ്റി പ്രഖ്യാപിച്ചത്.

Update: 2021-09-12 13:40 GMT
Advertising

ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത് ഏകപക്ഷീയമായെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി. ഇന്നുവരെ കേള്‍ക്കാത്തവരാണ് ഇപ്പോള്‍ നേതൃത്വത്തില്‍ വന്നിരിക്കുന്നതെന്നും മുഫീദ പറഞ്ഞു. ലീഗ് നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു മുഫീദ തസ്‌നി.

അതേസമയം പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. ആലോചിക്കേണ്ടവരോടെല്ലാം ആലോചിച്ചാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. എം.എസ്.എഫ് ദേശീയ കമ്മിറ്റിയോട് ആലോചിക്കണമോ എന്നറിയില്ലെന്നും നവാസ് പറഞ്ഞു.

അതിനിടെ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതിലും വ്യത്യസ്ത അഭിപ്രായമുണ്ട്. പുതിയ കമ്മിറ്റിയിലെ ഭാരവാഹികളോടല്ല എതിര്‍പ്പുള്ളത്. കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയോടാണെന്നും ഇത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും തഹ് ലിയ മീഡിയാവണിനോട് പറഞ്ഞു.

ഇന്ന് വൈകീട്ടാണ് ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്ന ആയിശ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്.

അതിനിടെ ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. ഹരിതയുടെ പഴയ ഭാരവാഹികള്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സലാം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. എന്നാല്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കുകയാണ് ഹരിത ഭാരവാഹികള്‍ ചെയ്തതെന്നും സലാം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News