മുണ്ടക്കൈ ദുരന്തം: കാണാതായവരെ തേടി അഞ്ചാംനാൾ; ഇന്ന് ഡ്രോൺ തിരച്ചിൽ ആരംഭിക്കും
ആറ് സോണുകളായി 40 ടീമുകളാണ് തിരച്ചിൽ നടത്തുക.
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനത്തിലേക്ക്. 344 പേർ മരിച്ചതായാണ് അവസാനം വരുന്ന വിവരം. ഇന്നലെ 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ചാലിയാറിൽനിന്ന് ഏഴ് മൃതദേഹങ്ങളും 10 മൃതദേഹ ഭാഗങ്ങളുമാണ് ഇന്നലെ കിട്ടിയത്.
ആകെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 69 മൃതദേഹങ്ങളും 120 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും. 37 പുരുഷൻമാർ, 27 സ്ത്രീകൾ, മൂന്ന് ആൺകുട്ടികൾ, രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. 180 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. 149 മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ഡൽഹിയിൽനിന്ന് ഡ്രോൺ ബേസ്ഡ് റഡാർ തിരിച്ചിലിനായി എത്തും. ആറ് സോണുകളായി 40 ടീമുകളാണ് തിരച്ചിൽ നടത്തുക. സൈന്യം, എൻ.ഡി.ആർ.എഫ്, നേവി, എയർഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലിൽ പങ്കെടുക്കും. ചാലിയാറിൽ ഇന്നും തിരച്ചിൽ തുടരും.