മുണ്ടക്കൈ ദുരന്തം; സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ഇന്ന്
ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും
മേപ്പാടി: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൽപറ്റ ഗസ്റ്റ് ഹൗസിൽ രാവിലെ 10 മണിക്കാണ് യോഗം. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സ്കൂൾ വിദ്യാഭ്യാസ അധികൃതർ, പിടിഎ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ച ചെയ്യും.
മനശാസ്ത്രപരമായ പിന്തുണ, താൽക്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, പാഠ്യപദ്ധതി ക്രമീകരണം, ഓൺലൈൻ പഠന സാധ്യതകൾ എന്നിവ യോഗത്തിൽ പ്രധാന വിഷയങ്ങളാകും. യോഗത്തിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഓൺലൈനിൽ വിളിച്ചുചേർത്തിരുന്നു.