വ്യാജവാറ്റ് സംഘത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് ആദിവാസി യുവാവിന്‍റെ കാല്‍ തല്ലിച്ചതച്ചു
ആദിവാസി അക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാവുന്ന സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല
പത്തനംതിട്ട ളാഹയിൽ ആദിവാസി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. മഞ്ഞത്തോട് കോളനിയിലെ അജയനെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. വ്യാജവാറ്റ് സംഘത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് അജയന്‍റെ കാലുകൾ അക്രമികൾ തല്ലിച്ചതച്ചു. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന് അജയന്‍ മീഡിയവണിനോട് പറഞ്ഞു.
റാന്നി പെരുന്നാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയും മഞ്ഞത്തോട് ആദിവാസി കോളനിയിൽ താമസക്കാരനുമായ അജയന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ജോലിക്കായി പുറപ്പെട്ട ഇയാളെ തടഞ്ഞ് നിർത്തിയ മൂവർ സംഘം കമ്പി വടി ഉപയോഗിച്ച് മർദിച്ചതായാണ് പരാതി.
വ്യാജ വാറ്റ് സംഘത്തെ ഒറ്റു കൊടുത്തു എന്ന് ആരോപിച്ച് മർദിച്ചവർക്കെതിരെ അജയൻ പെരുന്നാട് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ അക്രമി സംഘം പല തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അജയൻ പറയുന്നു. ആദിവാസി അക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാവുന്ന സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരിക്കുകയാണ് അജയന്‍റെ കുടുംബം.