പ്രളയ ഫണ്ട് തട്ടിപ്പ്; മുസ്‌ലിം ലീഗ് അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് സി മമ്മി
വയനാട്ടിലെ ലീഗ് നേതാക്കൾ തട്ടിപ്പ് സംഘമായി മാറി, താനുന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാണ് സസ്പെൻഷനെന്നും സി മമ്മി പറഞ്ഞു.
ലീഗ് ജില്ലാ നേതാക്കൾ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിച്ചെന്ന ആരോപണത്തിലുറച്ച് വയനാട് ജില്ലാ കമ്മറ്റി മുൻ അംഗം സി മമ്മി. താനുന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാണ് സസ്പെൻഷനെന്നും തെറ്റ് ചൂണ്ടിക്കാണിച്ചവരെ പുറത്താക്കി പാർട്ടി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും മമ്മി പറഞ്ഞു.
വയനാട്ടിലെ ലീഗ് നേതാക്കൾ തട്ടിപ്പ് സംഘമായി മാറിയെന്നാണ് മമ്മി ആരോപിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് അർഹരായവർക്ക് ലഭിച്ചില്ലെന്നും സി മമ്മി മീഡിയവണിനോട് പറഞ്ഞു. 60 ലക്ഷം രൂപ വരുന്ന ദുരിതാശ്വാസ ഫണ്ടിൽ ജില്ലാ നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് സംസ്ഥാന അധ്യക്ഷന് സി. മമ്മി കത്ത് നല്‍കിയത്. ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചു നൽകിയ 40 ലക്ഷം രൂപയും ജില്ലാ കമ്മിറ്റി പിരിച്ച 20 ലക്ഷം രൂപയും അർഹരായവർക്ക് ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഇന്നലെ ചേർന്ന വയനാട് ജില്ലാ കമ്മിറ്റി സി. മമ്മിയെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്യുകയും ചെയ്തു.