ഫാറൂഖ് കോളജ് വഖഫ് ഭൂമി വിവാദം: മുസ്‍ലിം ലീഗ് പ്രതിഷേധം ഇന്ന്

അന്യാധീനപ്പെട്ട വഖഫ് ഭൂമിയുടെ കൈവശക്കാരിൽനിന്ന് നികുതി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് മുസ്‌ലിം ലീഗ് പ്രതിഷേധം

Update: 2022-11-08 01:34 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഫാറൂഖ് കോളജിന്റെ അന്യാധീനപ്പെട്ട വഖഫ് ഭൂമിയുടെ കൈവശക്കാരിൽനിന്ന് നികുതി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധം ഇന്ന്. കോഴിക്കോട് വഖഫ് ബോർഡ് ഓഫീസിന് മുന്നിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ.

പ്രതിഷേധം കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, പി.വി സൈനുദ്ദീൻ എന്നിവരും ധർണയിൽ സംസാരിക്കും.

എറണാകുളം ചെറായിയിലുള്ളത് ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമിയാണ് അന്യാധീനപ്പെട്ടതായി പരാതി ഉയർന്നിരിക്കുന്നത്. 1950ൽ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ മുഹമ്മദ് സാദിഖ് സേട്ടാണ് ചെറായി ബീച്ചിലെ 404.76 ഏക്കർ ഭൂമി ഫാറൂഖ് കോളജിന് വഖഫ് ചെയ്തത്. മത, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായായിരുന്നു ഭൂമി കോളജിനായി വഖഫ് ചെയ്തത്. എന്നാൽ, ഈ ഭൂമി കൈയേറി കൈവശംവച്ചവരിൽനിന്ന് നികുതി അടക്കാൻ റവന്യു ഉദ്യോഗസ്ഥർ ഉത്തരവ് നൽകിയതായി വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, പി. ഉബൈദുല്ല എം.എൽ.എ തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്.

2019 മേയ് 20ന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ച ഭൂമിയിലാണ് കൈയേറ്റക്കാർക്ക് നികുതി അടക്കാൻ അനുവാദം നൽകിയതെന്നാണ് വിമർശനം. റവന്യു മന്ത്രിയും വഖഫ് മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും പരാതിയിൽ പറയുന്നു.

Summary: Muslim League to hold protest today against government decision to collect tax from owners of encroached Waqf land of Farook College

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News