മലപ്പുറത്ത് കുറേ കേസുണ്ടാക്കലാണ് എസ്.പിയുടെ പണി; സംഘി ദാസ് ആണ് അയാൾ-പി.കെ ഫിറോസ്
''ഇവിടെയുള്ള ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുന്നു. അതിന് എസ്.പി ഒത്താശ ചെയ്യുന്നു. മലപ്പുറം ജില്ലയിൽ മാത്രം കേസ് കൂട്ടണമെന്ന് ഒരു എസ്.പി നിർദേശം നൽകണമെങ്കിൽ അയാൾക്ക് പ്രത്യേക താൽപര്യമുണ്ടാകും.''
മലപ്പുറം: മലപ്പുറം എസ്.പിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി മുസ്‌ലിം യൂത്ത് ലീഗ്. താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യമുയർത്തിയത്. മലപ്പുറം ജില്ലയിൽ കുറേ കേസുണ്ടാക്കലാണ് എസ്.പിയുടെ പണിയെന്നും ഫിറോസ് ആരോപിച്ചു.
''ഇവിടെയുള്ള ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുന്നു. അതിന് എസ്.പി ഒത്താശ ചെയ്യുന്നു. മലപ്പുറം ജില്ലയിൽ കുറേ കേസുണ്ടാക്കുകയാണ് ഈ എസ്.പിയുടെ പണി. മലപ്പുറം ജില്ലയിൽ മാത്രം കേസ് കൂട്ടണമെന്ന് ഒരു എസ്.പി നിർദേശം നൽകണമെങ്കിൽ അയാൾക്ക് പ്രത്യേക താൽപര്യമുണ്ടാകും.''-ഫിറോസ് കുറ്റപ്പെടുത്തി.
എസ്.പിയുടെ പേര് സുജിത് ദാസല്ല, സംഘിദാസ് എന്നാണ്. സംഘികൾക്കു ദാസ്യം ചെയ്യലാണ് അയാളുടെ പണി. പാലക്കാട്ട് ഒരു ആന ചെരിഞ്ഞപ്പോൾ അത് മലപ്പുറത്താണെന്ന് പ്രചാരണം നടത്തിയത് ഒരു കേന്ദ്രമന്ത്രിയാണ്. സംഭവം നടന്നത് മലപ്പുറത്താണെന്നു മാത്രമല്ല, മലപ്പുറത്തുള്ളവർ ക്രിമിനലുകളാണെന്നും മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുന്നവരാണെന്നും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് പറയുന്നത്.
മലപ്പുറം ജില്ലയെ അവഹേളിക്കാനും അപമാനിക്കാനും താൽപര്യമുള്ള ഇത്തരക്കാരുടെ കൈയിൽനിന്ന് അച്ചാരം വാങ്ങി ഇറങ്ങിയവരെ കൈകാര്യം ചെയ്യേണ്ട പണി അറിയാം. താനൂർ പൊലീസിനെ കുറിച്ച് ആർക്കും നല്ല അഭിപ്രായമില്ല. ഇത് ജനമൈത്രി പൊലീസല്ലെന്നും ഗുണ്ടാമൈത്രിയാണെന്നും പി.കെ ഫിറോസ് വിമർശിച്ചു.
Summary: Muslim Youth League Kerala state general secretary PK Firos against the Malappuram SP in Tanur custodial death of Thamir Jifry