മുസിരിസ് തീയറ്റർ ഫെസ്റ്റ് ഈ മാസം 16 വരെ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി നാടകോത്സവം ഉദ്ഘാടനം ചെയ്തു
കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃക പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുസിരിസ് തിയേറ്റർ ഫെസ്റ്റിന് തിരി തെളിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി നാടകോത്സവം ഉദ്ഘാടനം ചെയ്തു.
സംഗീത നാടക അക്കാദമിയുടെ 10 അമച്വർ നാടകോത്സവങ്ങളിൽ ഒന്നിനാണ് കൊടുങ്ങല്ലൂരിൽ അരങ്ങുണർന്നത്. ചലച്ചിത്ര- നാടക താരം സുരഭി ലക്ഷ്മിയായിരുന്നു ഉദ്ഘാടക. മാർച്ച് 16 വരെ പൊലീസ് മൈതാനിയിലും പുല്ലൂറ്റ് മുസിരിസ് കൺവൻഷൻ സെന്ററിലുമായാണ് നാടകങ്ങൾ. ഉദ്ഘാടനത്തോടനുബന്ധിച്ച് റാസയും ബീഗവും ചേർന്ന് ഗസൽ രാവും അവതരിപ്പിച്ചു.
25 അമച്വർ നാടകസംഘങ്ങൾക്കായി 50 ലക്ഷം രൂപ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് കേരള സംഗീത നാടക അക്കാദമി നാടകോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. നാടകചർച്ചകൾ, സെമിനാറുകൾ, നാടക പ്രവർത്തകർക്ക് ആദരവ്, നാടകഗാനങ്ങളുടെ അവതരണങ്ങൾ ആദ്യകാല നാടകങ്ങളുടെ യുട്യൂബ് റിലീസിങ്, നൃത്ത-സംഗീത നിശ, സോളോ നാടകാവതരണങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.