പാനൂര്‍ സ്ഫോടനം; പിടിയിലായ ഡി.വൈ.എഫ്.ഐ ഭാരവാഹി സാമൂഹ്യപ്രവർത്തകനെന്ന് എം.വി ഗോവിന്ദന്‍
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് ഈ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെന്നും ഗോവിന്ദൻ
കൊച്ചി: പാനൂർ സ്ഫോടന കേസിൽ പിടികൂടിയ ഡി.വൈ.എഫ്.ഐ ഭാരവാഹി സാമൂഹ്യപ്രവർത്തകനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. ഇയാൾ പോയത് സന്നദ്ധ പ്രവർത്തനം നടത്താനാണ് . പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് ഈ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെ കേരളത്തിൽ വന്നു പോകുന്നയാളാണെന്ന് ഗോവിന്ദന്‍ പരിഹസിച്ചു. പ്രധാനമന്ത്രി കോടതികളെ വിമർശിക്കുന്നത് തനി തറ ആർ.എസ്.എസുകാരെ പോലെയാണ്. നിരോധിക്കുന്നതിൻ്റെ വക്കിൽ നിൽക്കുന്ന പാർട്ടിയാണ് എസ്.ഡി.പി.ഐ. എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ട വോട്ടു വേണം എന്ന നിലപാടാണിപ്പോൾ കോൺഗ്രസിന്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് ഇന്ന് ഒരു പൂച്ചക്കുട്ടി പോലും വിശ്വസിക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പൊളിഞ്ഞു പാളീസായ കോൺഗ്രസിനെ കൂടുതൽ പൊളിക്കുന്ന സംഘടനാ സെക്രട്ടറിയാണ് കെ.സി.വേണുഗോപാലെന്നും ഗോവിന്ദൻ പരിഹസിച്ചു. പെൻഷൻ കൊടുത്തില്ലെങ്കിൽ ഭരണവിരുദ്ധ വികാരം ഉണ്ടാക്കാമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടിയത്. അത് നാളത്തോടെ തീരും. പണം ഇല്ലാത്തതു കൊണ്ടാണ് പണം കിട്ടിയാൽ പെൻഷൻ 1600 ൽ നിന്ന് 2500 രൂപ ആക്കും. വീട്ടമ്മമാർക്കും പെൻഷൻ നൽകണമെന്നാണ് നിലപാടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.