കേന്ദ്രത്തിനെതിരായ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നിലപാട് കേരളത്തോടുള്ള വെല്ലുവിളി; എം.വി ​ഗോവിന്ദൻ

രാഷ്ട്രീയ താൽപര്യമാണ് പ്രതിപക്ഷത്തിന് വലുതെന്നും എം.വി.ഗോവിന്ദൻ വിമർശിച്ചു.

Update: 2024-01-19 10:57 GMT
Advertising

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. ഇതിനെതിരെ എല്ലാ എം.പിമാരും എം.എൽ.എമാരും സംയുക്തമായി സമരത്തിൽ പങ്കെടുക്കണമെന്ന ആവശ്യം മുൻനിർത്തി സർക്കാർ പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു.

എന്നാൽ പ്രതിപക്ഷം വരുന്നില്ല എന്നാണ് മാധ്യമവാർത്തകളിൽ കണ്ടത്. ജനങ്ങൾക്കൊപ്പം നിൽക്കാൻ പ്രതിപക്ഷത്തിനാവുന്നില്ല. രാഷ്ട്രീയ താൽപര്യമാണ് പ്രതിപക്ഷത്തിന് വലുതെന്നും എം.വി.ഗോവിന്ദൻ വിമർശിച്ചു.

കേന്ദ്ര സർക്കാരിനെതിരായ ഡൽഹി സമരത്തിനില്ലെന്ന് പ്രതിപക്ഷം സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണനയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നികുതി പിരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് കെടുകാര്യസ്ഥതയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രണ്ട് ധവളപത്രങ്ങൾ ഇറക്കിയിരുന്നു. അന്നൊന്നും പ്രതിപക്ഷ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കാത്ത സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല, രാഷ്ട്രീയ താൽപര്യമുണ്ടെന്നും കത്തിൽ തുറന്നുപറയുന്നു.

വൻകിട പദ്ധതികളുടെ പേരിൽ നടക്കുന്ന അഴിമതിയും ധൂർത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും കുറ്റപ്പെടുത്തലുണ്ട്. വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവുന്നതിലും പ്രതിപക്ഷം വിമർശനമുന്നയിക്കുന്നു. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി സുദീർഘമായ കത്ത് നൽകിയാണ് തങ്ങൾ ഇത്തരമൊരു സമരത്തിനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്.

ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് സർക്കാർ നടത്തുന്ന സമരവുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചത്. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചത് ശരിയായില്ല. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരും ഉത്തരവാദികളെന്നും യുഡിഎഫ് വിലയിരുത്തി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News