"ദേവഗൗഡ തിരുത്തിയിട്ടും മനസ്സിലായില്ലേ, ബിജെപിക്ക് വഴിയൊരുക്കാൻ രൂപപ്പെടുത്തിയ വാർത്തയാണത്": എം.വി ഗോവിന്ദൻ
മുഖ്യമന്ത്രിയുടെ പേര് വിഷയത്തിലേക്ക് വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യത്തിന് പിണറായി വിജയന്റെ പിന്തുണയുണ്ടായിരുന്നെന്ന വാർത്ത ബിജെപിക്ക് വഴിയൊരുക്കാൻ രൂപപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേവഗൗഡ പ്രസ്താവന തിരുത്തിയിട്ടും മാധ്യമങ്ങൾക്ക് മനസ്സിലായില്ലെന്നും മാധ്യമസൃഷ്ടി തനി കളവാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ഗോവിന്ദൻ പറഞ്ഞു.
"കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടായിരുന്നുവെന്ന വാർത്ത ബിജെപിക്ക് വഴിയൊരുക്കാൻ വേണ്ടിയുണ്ടാക്കിയതാണെന്ന് വ്യക്തമാണ്. ദേവഗൗഡ തന്നെ പ്രസ്താവന തിരുത്തിയിട്ടും മാധ്യമങ്ങൾക്ക് മനസ്സിലായില്ല. അവർ അത് കാണിച്ചില്ലല്ലോ. മാധ്യമസൃഷ്ടി തനി കളവെന്ന് ജനങ്ങൾക്കറിയാം.
ഇപ്പോൾ കേരളത്തിൽ പത്രങ്ങൾക്ക് വേണ്ടിയുള്ള തലക്കുറിപ്പ് തന്നെ തീരുമാനിക്കുന്നത് ബിജെപിയാണ്. ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആവശ്യപ്പെടുന്ന പദങ്ങൾ ആണ് മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് വിഷയത്തിലേക്ക് വലിച്ചിഴച്ചതിൽ ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണം. സിപിഎമ്മിന്റെ വലിയ ശത്രു ബിജെപി തന്നെയാണ്. ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ് പാർട്ടി നയം. മന്ത്രിമാരെ മാറ്റാത്തത് ധാർമിക പ്രശ്‌നമൊന്നുമല്ല. മന്ത്രിയെ മാറ്റേണ്ട ഒരു സാഹചര്യവും നിലവിലില്ല". ഗോവിന്ദൻ പറഞ്ഞു.