പുതുപ്പള്ളിയിൽ യുഡിഎഫ് ഈസി വാക്കോവർ പ്രതീക്ഷിച്ചു, എന്നാൽ ജയം എളുപ്പമല്ലെന്ന് മനസ്സിലായി: എം.വി ഗോവിന്ദൻ
"വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിൽ, വൈകാരികമായല്ല രാഷ്ട്രീയമായി തന്നെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്"
തിരുവനന്തപുരം: പുതുപ്പള്ളിയിൽ വ്യാപകമായ കള്ളപ്രചാരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഈസി വാക്കോവർ ആണ് യുഡിഎഫ് പ്രതീക്ഷിച്ചതെന്നും എന്നാൽ അത്ര എളുപ്പത്തിൽ ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലായെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"വലിയ രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്, വൈകാരികമായിട്ടല്ല രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നതും. വ്യാപകമായ കള്ളപ്രചരണം പുതുപ്പള്ളിയിൽ നടക്കുന്നുണ്ട്. ഈസി വാക്കോവർ ആണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ അത്ര എളുപ്പത്തിൽ ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. പ്രതിപക്ഷത്തെയും കേന്ദ്രത്തേയും നേരിട്ടാണ് കേരളത്തിൽ സർക്കാർ വികസനം നടത്തുന്നത്".
"കേരള സർക്കാരിനെ വിചാരണ ചെയ്യാൻ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ ഞങ്ങൾ പറഞ്ഞത് ഞങ്ങൾ വികസനമാണ് ചർച്ച ചെയ്യുക എന്നതാണ്. കേരളത്തിലെ മറ്റ് മണ്ഡലങ്ങളോടൊപ്പം പുതുപ്പള്ളി എന്താണ് വികസിക്കാത്തത് എന്ന് പുതുപ്പള്ളിക്കാർ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. വികസനങ്ങളെ കുറിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. പ്രതിപക്ഷത്തെയും കേന്ദ്രത്തേയും നേരിട്ടാണ് കേരളത്തിൽ വികസനം നടത്തുന്നത്". ഗോവിന്ദൻ പറഞ്ഞു.