ബാബരി മസ്ജിദ് തകർത്തപ്പോൾ പോലും കോൺഗ്രസിനൊപ്പം നിന്ന ലീഗ് വ്യത്യസ്ത അഭിപ്രായം പറയുന്നു; ഇത് കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കും: എം.വി ഗോവിന്ദൻ

സംസ്ഥാനത്ത് ഗവർണർ ഭരണം ഉണ്ടാവുന്നതിനെ ഒരിക്കലും അനുകൂലിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2022-10-26 13:17 GMT
Advertising

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപകാലത്തെ ഇടപെടലുകളെ തള്ളിപ്പറഞ്ഞ ലീഗ് നിലപാടിനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബാബരി മസ്ജിദ് തകർത്തപ്പോൾ പോലും കോൺഗ്രസിനൊപ്പം നിന്ന ലീഗ് ഇപ്പോൾ ഒറ്റക്കെട്ടായി കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

''ചായ കോപ്പയിലുള്ള കൊടുങ്കാറ്റ്, ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളി എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത്രയും ഗൗരവതരമായ പ്രശ്നമുണ്ടായിട്ട് അതിനെ നിസാരവൽക്കരിക്കുകയാണ് അദ്ദേഹം. നിസാരവൽക്കരണം ഒരു അടവാണ്. ഗവർണറുമായിട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ ഒരു പ്രത്യേക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. കേരള യൂണിവേഴ്സിറ്റുമായി ബന്ധപ്പെട്ട് ഇതിന് പ്രത്യേക ലിങ്കുണ്ട്. അതേസമയം കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ തന്നെ ഇതിന് വിരുദ്ധമായ അഭിപ്രായമുണ്ട്. കെ.സി വേണുഗോപാലും കെ. മുരളീധരനുമെല്ലാം വി.ഡി സതീശന്റെയും സുധാകരന്റെയും നിലപാട് അംഗീകരിക്കുന്നില്ല. സർവകലാശാല തലത്തിലും ഉന്നതവിദ്യാഭ്യാസ രംഗത്തും കാവിവൽക്കരിക്കാനുള്ള നീക്കത്തെ മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി എതിർത്തിട്ടുണ്ട്. ബാബരി മസ്ജിദിന്റെ തകർച്ചയുണ്ടായ സാഹചര്യത്തിൽ പോലും ലീഗും കോൺഗ്രസും യോജിച്ചിരുന്നു. ആ സാഹചര്യത്തിൽ പോലും മുന്നണി ബന്ധത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസത അഭിപ്രായം പറയാതിരുന്ന പാർട്ടിയായായിരുന്നു ലീഗ്. ഇപ്പോൾ അവർ ഏകകണ്ഠമായി വ്യത്യസ്ത അഭിപ്രായം പറയുന്നു. കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന നിലപാടുകൾ ഗവർണറുടെ നയവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നുണ്ട്''- എം.വി.ഗോവിന്ദൻ പറഞ്ഞു.

ഗവർണർ അയച്ച കത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടനാപരമായ പ്രീതി. സുപ്രിംകോടതി തന്നെ പ്രീതി എന്താണെന്ന് കൃത്യതയോടെ വിശദീകരിച്ചിട്ടുണ്ട്. കൂട്ടുത്തരവാദിത്തത്തോടെയുള്ളതാണ് ഗവർണർക്കുണ്ടാകുന്ന പ്രീതി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയിൽ പ്രീതിയെ സംബന്ധിച്ച് വിശദമാക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാനത്ത് ഗവർണർ ഭരണം ഉണ്ടാവുന്നതിനെ ഒരിക്കലും അനുകൂലിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അസാധരണമായി ഓരോ ദിവസവും ഗവർണർ തോന്നുന്നത് പോലെ പറയുമ്പോൾ അതിന്റെ ഔചിത്യവും നിയമവും നോക്കാതെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്പാർട്ടികൾക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News