'ഗവർണർ, മന്ത്രി അബ്ദുറഹ്മാൻ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു'; ലീഗിനെ വീണ്ടും പ്രശംസിച്ച് എം.വി ഗോവിന്ദൻ
'മതനിരപേക്ഷമായ നിലപാടിനെ സ്വാഗതം ചെയ്യുന്നത് ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ല.'
തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ മുസ്ലീം ലീഗ് നിലപാടിനെ പ്രശംസിച്ച് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 'ഗവർണർ വിഷയത്തിലും മന്ത്രി അബ്ദുറഹ്മാൻ വിഷയത്തിലും ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു'. ശരിയായ നിലപാടെടുക്കുമ്പോൾ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാൽ, അതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വയനാട് കൽപറ്റയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. 'ഗവർണറുടെ വിഷയത്തിൽ ആർ.എസ്.പിയും ലീഗും കൃത്യമായ നിലപാട് സ്വീകരിച്ചു. ഇതുമൂലമാണ് ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓർഡിനൻസിനെ കോൺഗ്രസിന് അനുകൂലിക്കേണ്ടിവന്നതെന്നും' അദ്ദേഹം പറഞ്ഞു.
'വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാനെ അധിക്ഷേപിച്ച വിഷയത്തിലും ലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, ഇത്തരത്തിൽ മതനിരപേക്ഷമായ നിലപാടിനെ സ്വാഗതം ചെയ്യുന്നത് ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി വ്യാഖ്യാനിക്കേണ്ടതില്ല'. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആർ.എസ്.എസിനെ പിന്തുണക്കുകയും നെഹ്റുവിനെക്കുറിച്ച് പോലും തെറ്റിദ്ധാരണ പരത്തുകയുമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.