'സി.പി.എമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്ര ഭരണം തുലാസിലാവും'; കോൺഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോൺഗ്രസ് തോറ്റാൽ മതിയെന്നാണ് സി.പി.എം നിലപാടെന്നും നാസർ ഫൈസി പറഞ്ഞു.
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി. സി.പി.എമ്മിന് സീറ്റ് കൂടുതൽ കിട്ടിയാൽ കേന്ദ്ര ഭരണം തുലാസിലാകും. സി.പി.എം ജയിച്ചാൽ ഏത് നിമിഷവും കോൺഗ്രസിനെതിരെ വോട്ട് ചെയ്യും. ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോൺഗ്രസ് തോറ്റാൽ മതിയെന്നാണ് സി.പി.എം നിലപാടെന്നും നാസർ ഫൈസി പറഞ്ഞു.
കോൺഗ്രസോ കോൺഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്. സി.പി.എം ജയിച്ചാൽ അവർ അതുവച്ച് അവരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുക. ആര് ജയിച്ചാലും ഒരുപോലെ എന്ന നിലപാട് ശരിയല്ല. ബി.ജെ.പി തോൽപ്പിക്കാൻ കോൺഗ്രസ് തന്നെ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം എൽ.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാസർ ഫൈസി കോൺഗ്രസിനായി രംഗത്തെത്തിയിരിക്കുന്നത്. സമസ്തക്കകത്തുള്ള ആഭ്യന്തര തർക്കങ്ങൾ കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.