ഹജ്ജ് തീര്‍ഥാടകരെ കാത്ത് നെടുമ്പാശേരി; ആദ്യ വിമാനം ജൂണ്‍ ഏഴിന്
സംസ്ഥാനത്തെ എട്ട് ജില്ലകളിലെയും ലക്ഷദ്വീപിലെയും തീര്‍ഥാകരാണ് കൊച്ചി വഴി മക്കയിലേക്ക് പോകുന്നത്
കൊച്ചി: ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെയും ലക്ഷദ്വീപിലെയും തീര്‍ഥാകരാണ് കൊച്ചി വഴി മക്കയിലേക്ക് പോകുന്നത്. ജൂണ്‍ ഏഴിനാണ് നെടുമ്പാശേരിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.
സിയാല്‍ ഏവിയേഷന്‍ അക്കാദമിയോട് ചേര്‍ന്ന ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പ്. അറുനൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ , അലോപ്പതി, ഹോമിയോ ആശുപത്രികൾ തുടങ്ങി ഹജ്ജ് കമ്മിറ്റി ഓഫീസ് വരെ ഇവിടെ സജ്ജമാണ്.തീർഥാടകരുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.
ജൂൺ ഏഴിനാണ് നെടുമ്പാശേരി വഴിയുള്ള ഹജ്ജ് യാത്ര ആരംഭിക്കുന്നത്. ജൂണ്‍ 21 വരെ ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൊച്ചി വഴി യാത്ര ചെയ്യുന്ന 2407 തീര്‍ഥാടകരില്‍ 163 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകരാണ് നെടുമ്പാശേരി വഴി മക്കയിലേക്ക് പോകുന്നത്.