പത്തുവര്‍ഷം യുവതിയെ മുറിയില്‍ താമസിപ്പിച്ച സംഭവം; യുവാവിന്‍റെ വാദം തള്ളി രക്ഷിതാക്കള്‍

റഹ്മാന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

Update: 2021-06-11 08:01 GMT
Advertising

പാലക്കാട് നെന്മാറയിൽ യുവതിയെ പത്തുവർഷം ഒരു മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കൾ. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവർ മീഡിയവണിനോട് പറഞ്ഞു.

പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. റഹ്മാന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മൂന്നു വര്‍ഷം മുമ്പ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. 

വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നു. അതേസമയം, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു ആ രക്ഷിതാക്കള്‍ പങ്കുവെച്ചത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News