'ആരോപണം നേരിടുന്നവർ അറസ്റ്റ് ചെയ്യപ്പെട്ടാൽ സംഘടനയിൽ ഉണ്ടാകില്ല': ഫെഫ്ക

ആഷിഖ് അബുവിന്‍റെ രാജി തമാശയായി തോന്നിയെന്ന് ബി. ഉണ്ണികൃഷ്ണൻ

Update: 2024-08-31 09:56 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയിൽ കൂടുതൽ നടപടികൾക്ക് ഒരുങ്ങി ഫെഫ്ക. ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നും പൊലീസിൽ അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് സമീപനം ഇല്ലെന്നും വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താമെന്ന് ഫെഫ്ക തീരുമാനിച്ചിരുന്നതാണെന്നും മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരങ്ങൾ ഉൾപ്പെടെ പലരും എതിർത്തു. എന്നാൽ അന്ന് ആ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചുവെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വെച്ചത് തമാശയായി തോന്നിയെന്നും സംഘടനയിൽ സജീവമല്ലാത്ത ആളാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് കുറ്റപ്പെടുത്തിയാണ് ആഷിഖ് അബു കഴിഞ്ഞ ദിവസം രാജിവെച്ചത്. ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ആഷിഖ് അബു ചൂണ്ടികാട്ടിയിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News