ആദിവാസി ഊരുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ്

മാധ്യമങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ, ഗവേഷണ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാം നിയന്ത്രണം ബാധകമാണ്.

Update: 2022-05-29 01:12 GMT
Editor : rishad | By : Web Desk
Advertising

വയനാട്: ആദിവാസി ഊരുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ്. മാധ്യമങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ, ഗവേഷണ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാം നിയന്ത്രണം ബാധകമാണ്. 14 ദിവസം മുമ്പ് അപേക്ഷ നൽകി പ്രത്യേക പാസ് നേടുന്നവർക്ക് മാത്രമേ ഇനി മുതൽ കോളനി സന്ദർശിക്കാനാകൂ.

വ്യക്തികളും സംഘടനകളും ആദിവാസി കോളനികളില്‍ സന്ദര്‍ശനവും വിവരശേഖരണവും നടത്തുന്നതിനു കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്ന സർക്കുലർ, മാധ്യമങ്ങളടക്കമുള്ളവരുടെ വീഡിയോ ചിത്രീകരണത്തിനും വിലക്കേർപ്പെടുത്തുന്നുണ്ട്. ആദിവാസി മേഖലകളിലെ ഗവേഷണം, ഫീല്‍ഡ് സര്‍വേ, ഇന്റേണ്‍ഷിപ്പ്, ക്യാമ്പ് നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും അപേക്ഷ നൽകി പ്രത്യേക അനുവാദം വാങ്ങിയല്ലാതെ കോളനികളിൽ നടത്തുന്ന വിവരശേഖരണവും വീഡിയോ ചിത്രീകരണവും നിര്‍ത്തിവെപ്പിക്കണമെന്നു സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിനെതിരെ വിവിധ ആദിവാസി, മനുഷ്യാവകാശ സംഘടനകൾ രംഗത്തു വന്നു. 

ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കിൽ അടിയന്തരമായി നടപ്പാക്കേണ്ട മറ്റു പല കാര്യങ്ങളും ആദിവാസി മേഖലകളിലുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ സന്ദര്‍ശനാനുമതി നല്‍കുന്നതിനു മുമ്പ് പോലീസ് വകുപ്പുമായി കൂടിയാലോചിക്കണമെന്ന നിര്‍ദേശവും സര്‍ക്കുലറിലുണ്ട്. ആദിവാസി മേഖലകളില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെങ്കില്‍ പോലീസ് അവരെ പിടികൂടണമെന്നും അതിനുപകരം ആദിവാസികളെ തടവിലിടുന്ന വിധത്തിലുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അംഗീകരിക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കി. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News