അശ്വിന് കോള കൊടുത്തതാര്? ദുരൂഹത ബാക്കി; അന്വേഷണം ഫലംകണ്ടില്ലെന്ന് കുടുംബം
യൂണിഫോമിട്ട അജ്ഞാതനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല
തിരുവനന്തപുരം: കോളയാണെന്ന് കരുതി ആസിഡ് കലർന്ന ദ്രാവകം കുടിച്ച് തിരുവനന്തപുരം കളിയിക്കാവിള സ്വദേശി അശ്വിൻ (11) മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. കുട്ടിക്ക് കോള കൊടുത്തത് ആരാണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. യൂണിഫോമിട്ട മുതിർന്ന വിദ്യാർത്ഥിയാണ് അശ്വിന് പാനീയം കുടിക്കാൻ കൊടുത്തതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതുവരെ യൂണിഫോമിട്ട ഈ അജ്ഞാതനെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
ഒരു മാസം മുൻപാണ് അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ ആറാം ക്‌ളാസുകാരനായ അശ്വിൻ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സ്‌കൂളിൽ വെച്ച് ശീതളപാനീയം കുടിച്ചതിന് ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേൽക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തതാണ് മരണകാരണമായ ഡോക്ടർമാർ പറയുന്നത്. സ്‌കൂൾ യൂണിഫോമിലെത്തിയ ഒരു കുട്ടി നൽകിയ കോള കുടിച്ചെന്ന് ആശുപത്രിക്കിടക്കയിൽ വെച്ച് അശ്വിൻ കളയിക്കാവിള പൊലീസിന് മൊഴി നൽകിയിരുന്നു. സെപ്റ്റംബർ 24നായിരുന്നു സംഭവം.
ശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് സ്‌കൂളിന് സമീപത്തെ സമീപത്തെ ആശുപത്രിയിലും മാര്‍ത്താണ്ഡത്തെ ആശുപത്രിയിലും ചികിത്സ തേടി. ഇതിന് ശേഷമാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ വായിലും അന്നനാളത്തിലുമടക്കം പൊള്ളലേറ്റതായി കണ്ടെത്തി. പിന്നാലെ രണ്ടു വൃക്കയും തകരാറിലായി. ഡയാലിസിസ് നടത്തി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കോളയാണെന്ന് കരുതി ആസിഡാകും കുടിച്ചതെന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തുടർന്ന് അശ്വിന്റെ ബന്ധുക്കൾ കളിയിക്കാവിള പോലീസിൽ പരാതി നൽകി. യൂണിഫോമിട്ട ഒരു ചേട്ടൻ കോള കുടിക്കാൻ നൽകിയെന്നും എന്നാൽ രുചിവ്യത്യാസം തോന്നിയപ്പോൾ വലിച്ചെറിഞ്ഞുവെന്നും അശ്വിൻ പൊലീസിനോട് പറഞ്ഞിരുന്നു. അന്വേഷണം നടത്തിയിട്ടും ഇതുവരെ കോള നൽകിയ ആളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കളിയിക്കാവിള പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തമിഴ്നാട് സിബി- സിഐടി സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.